maradu-flat
maradu flat

കൊച്ചി : മരടിൽ കുടിയൊഴിഞ്ഞ ഫ്ളാറ്റുടമകൾക്ക് ഒരു വർഷത്തിനകം നഷ്ടപരിഹാരം പൂർണമായി വിതരണം ചെയ്യാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിഷൻ നടപടി ആരംഭിച്ചു. അടുത്ത ആഴ്ച പ്രവർത്തനങ്ങൾ തുടങ്ങും.

ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ വസതിയിൽ ഇന്നലെ ചേർന്ന കമ്മിഷന്റെ ആദ്യ യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ, സിവിൽ എൻജിനിയർ എന്നിവരെയും കമ്മിഷനിൽ അംഗങ്ങളാക്കും. ഓഫീസും ജീവനക്കാരെയും ഒരാഴ്ചയ്ക്കകം സർക്കാർ അനുവദിക്കും.

സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് കമ്മിഷനെ നിയമിച്ചത്. ഫ്ളാറ്റുടമകൾക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപ രണ്ടാഴ്ചയ്ക്കകം നൽകാനാണ് കോടതി നിർദ്ദേശം. ഫ്ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകും. മുഴുവൻ പേർക്കും 25 ലക്ഷം രൂപ ലഭിക്കാൻ സാദ്ധ്യതയില്ല. ആധാരത്തിൽ കാണിച്ച തുകയേ ലഭിക്കൂവെന്നാണ് സൂചന. ആധാരത്തിൽ വില കുറച്ചു കാണിച്ച് ഫ്ളാറ്റ് വാങ്ങിയവരാണ് കൂടുതൽ പേരും. ഇത് തർക്കത്തിന് കാരണമായേക്കും. തർക്കമുണ്ടായാൽ ഉടമകളുടെ വാദങ്ങൾ കൂടി കേട്ട് വിശദമായി പരിശോധിച്ച് കോടതിയെ അറിയിച്ചശേഷമായിരിക്കും തുക നിശ്ചയിക്കുക.

243 ഫ്ളാറ്റുടമകൾ ഒഴിഞ്ഞു

ഒഴിയാൻ ഒരാഴ്ച കൂടി ചോദിച്ചെങ്കിലും ഒരു മണിക്കൂർ പോലും അനുവദിക്കില്ലെന്ന സുപ്രീംകോടതിയുടെ നിലപാടോടെ മരടിലെ നാലു ഫ്ളാറ്റുകളിൽ നിന്നും ഇന്നലെ രാത്രി വൈകിയും വിലപ്പെട്ട വസ്തുക്കൾ നീക്കൽ തുടരുകയാണ്.

രാത്രി 12 വരെ വീട്ടുപകരണങ്ങൾ നീക്കുന്നത് നീണ്ടുനിൽക്കും. പുലർച്ചെ അഞ്ചിന് വീണ്ടും ആരംഭിക്കും. ഇന്നും നാളെയുമായി ഫ്ളാറ്റുകൾ മുഴുവൻ കാലിയാകുമെന്നാണ് പ്രതീക്ഷ. സമയം അവസാനിച്ചെങ്കിലും മാനുഷിക പരിഗണ നൽകി വസ്തുക്കൾ നീക്കാൻ അനുവദിക്കും. താമസം ഇന്നലെ മുതൽ അനുവദിക്കുന്നില്ലെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാൻ പറഞ്ഞു. ഗോൾഡൻ കായലോരം, ജെയിൻ കോറൽകേവ്, ആൽഫാ വെഞ്ച്വേഴ്‌സ് ഇരട്ട ഫ്ളാറ്റ്‌ സമുച്ചയം, ഹോളി ഫെയ്ത്ത്‌ എച്ച്.ടു.ഒ ഫ്ളാറ്റുകളിലെ 343 ഉടമകളിൽ ഇന്നലെ വരെ 243 പേർ ഒഴിഞ്ഞു. 42 പേർ പുനരധിവാസത്തിന് അപേക്ഷ സമർപ്പിച്ചതായി മരട് നഗരസഭ ചെയർപേഴ്‌സൻ ടി.എച്ച്. നദീറ പറഞ്ഞു.

50 ഫ്ളാറ്റുകൾക്ക് ഉടമസ്ഥരില്ല

നാലു സമുച്ചയങ്ങളിലെ 50 ഫ്ളാറ്റുകളുടെ ഉടമകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആരെങ്കിലും ബിനാമിയായി വാങ്ങിയതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. വിൽക്കാത്ത ഫ്ളാറ്റുകളാണോ ഇവയെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. രേഖകൾ പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാകൂ. ഒരു ഡസനിലേറെ ഫ്ളാറ്റുകൾ ഒരേ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.