കോലഞ്ചേരി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോലഞ്ചേരിക്കടുത്ത് പൂതൃക്ക പള്ളിയിൽ ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു.ഇന്നലെ രാവിലെ 8 മണിയോടെയാണ് ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പത്തിലധികം വരുന്ന വിശ്വാസികൾ വികാരിയോടൊപ്പം പള്ളിയിലേക്ക് എത്തിയത്. പള്ളി ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗത്തിലെ നാന്നൂറോളം പേർ പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരുന്നു. ഗേറ്റിനു മുന്നിൽ വന്ന് തുറക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും തുറന്നു നൽകാൻ യാക്കോബായ വിഭാഗം തയ്യാറായില്ല. പിന്നീട് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ആരാധനയ്ക്ക് എത്തിയവർ പിരിഞ്ഞു പോയി. പള്ളിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ നിലവിൽ ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ അനിൽകുമാർ, പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.