കൊച്ചി: ലഹരി വിരുദ്ധ സന്ദേശം പകർന്ന് പൊലീസ് ഉദ്യോഗസ്ഥർ സൈക്കികളിൽ കാശ്മീരിലേക്ക് യാത്ര നടത്തുന്നു. സേ നോ ടു ഡ്രഗ്, യേസ് ടു സൈക്കിളിംഗ് എന്നതാണ് സന്ദേശം. മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്‌ടർ വി.എസ്. നവാസ്, വണ്ടാനം മെഡിക്കൽ കേളേജ് എയ്ഡ് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസർ വിനിൽ, തോട്ടപ്പള്ളി തീരദേശ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അലക്സി വർക്കി എന്നിവരാണ് യാത്ര സംഘത്തിലുള്ളത്. 50 ദിവസം കൊണ്ട് കാശ്മീരിലെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഒരു ദിവസം 150 കിലോമീറ്റർ യാത്ര ചെയ്യും. ഇന്ന് രാവിലെ കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കമ്മിഷണർ വിജയ് സാഖറെ സൈക്കിൾ യാത്ര ഫ്ളാഗ് ഒഫ് ചെയ്യും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.