lorry
ഈറോഡിൽ നിന്നും കന്നുകാലികളെ കുത്തിനിറച്ചു കൊണ്ടു വന്ന ലോറി

ആലുവ: ഈറോഡിൽ നിന്നും അമിതമായി കന്നുകാലികളെ കടത്തി കൊണ്ടു വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി ആലുവയിൽ പിടിയിലായി. മൃഗപീഡനം തടയൽ വിഭാഗം (സൊസൈറ്റി പ്രിവൻഷൻ ഒഫ് ക്രൂവൽറ്റി ടു അനിമൽസ് എസ്.പി.സി.എ.) ജില്ലാ അധികൃതർ ദേശീയപാതയിൽ അമ്പാട്ടുകാവിൽ നടത്തിയ പരിശോധനയിലാണ് കന്നുകാലികളുമായുള്ള ക്രൂരമായ യാത്ര കണ്ടെത്തിയത്.

കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്നു ലോറി. ചെക്ക്‌പോസ്റ്റ് രേഖകൾ പ്രകാരം ഒരു ലോറിയിൽ 16 കന്നുകാലികളെ കയറ്റുവാനാണ് അനുമതിയുള്ളത്. 25 കാലികൾ ലോറിയിലുണ്ടായിരുന്നു. കരുനാഗപ്പിള്ളിയിലെ അഞ്ച് ഇറച്ചി കച്ചവടക്കാർക്ക് വേണ്ടിയാണ് കന്നുകാലികളെ കൊണ്ടു വന്നതെന്ന് ലോറി ജീവനക്കാർ അറിയിച്ചു. ഇതോടെ അനുമതിയില്ലാതെ കൊണ്ടുവന്ന ഒൻപത് കന്നുകാലികളെ എസ്.പി.സി.എ. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മറ്റൊരു ലോറി വരുത്തിയ ശേഷം ഇവയെ കാക്കനാടുള്ള സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലുള്ള ക്യാമ്പിലേക്ക് മാറ്റി. ലോറി ജീവനക്കാർക്കെതിരേയും അനധികൃതമായി കന്നുകാലികളെ എത്തിക്കാൻ ശ്രമിച്ച ഇറച്ചി കച്ചവടക്കാർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് എസ്.പി.സി.എ. അധികൃതർ പറഞ്ഞു.

എസ്.പി.സി.എ. ഇൻസ്‌പെക്ടർ വിഷ്ണു വിജയൻ, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് പി.ബി. ഇക്ബാൽ, സെക്രട്ടറി ടി.ജി. സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശമായി തുടരുമെന്ന് എസ്.പി.സി.എ. അധികൃതർ അറിയിച്ചു.