ആലുവ: കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പൽ ലൈബ്രറി വളപ്പിൽ തുടങ്ങാനുദ്ദേശിക്കുന്ന നിർദ്ദിഷ്ട കുപ്പിവെള്ള നിർമാണ പ്ലാന്റിനെതിരെ കോൺഗ്രസും രംഗത്തെത്തി. കോൺഗ്രസ് തനിച്ച് ഭരിക്കുന്ന നഗരസഭയാണെങ്കിലും പദ്ധതിക്കെതിരായ ആക്ഷേപം വ്യാപകമായ സാഹചര്യത്തിലാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പദ്ധതി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായെത്തിയത്.

ഇതോടെ നഗരസഭയ്ക്ക് പദ്ധതി മാറ്റി സ്ഥാപിക്കാതെ മറ്റുമാർഗമില്ലെന്ന അവസ്ഥയിലാണ്. ജനഹിതം മാനിച്ച് പദ്ധതി വേറെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

പ്രതിഷേധം വ്യാപകമായതോടെ പദ്ധതി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ നഗരസഭ അധികൃതർ ഏകദേശ ധാരണയായിട്ടുണ്ട്.