കൊച്ചി : വിഖ്യാത കലാകാരൻ എ. രാമച്രന്ദന്റെ സമകാലിക ചിത്രങ്ങളുടെയും ശില്പങ്ങളുടെടെയും പ്രദർശനം എറണാകുളം ഡർബാർ ഹാൾ കലാകേന്ദ്രത്തിൽ ഇന്നാരംഭിക്കും. മഹാത്മാവും താമരക്കുളവും എന്ന പേരിലുള്ള പ്രദർശനം 31 വരെ നീളും.
കേരള ലളിതകലാ അക്കാഡമിയും ന്യൂഡൽഹിയിലെ വഡേര ആർട്ട് ഗ്യാലറിയും സംയുക്തമായാണ് പ്രദർശനം ഒരുക്കുന്നത്.
കലാചരിത്രകാരനും നിരൂപകനുമായ ആർ. ശിവകുമാറാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. ഗാന്ധിജിയും പ്രകൃതിയും ഏറെ പ്രസക്തമായ കാലഘട്ടത്തിലാണ് പ്രദർശനമെന്ന് ശിവകുമാർ പറഞ്ഞു.
1935 ൽ തിരുവനന്തപുരം ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ ശാന്തിനികേതനിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ളോമ നേടി.
ഇന്നു വൈകിട്ട് 5ന് എം.എ. ബേബി പ്രദർശനം ഉദ്ഘാടനം ചെയ്യും. അക്കാഡമി ചെയർമാൻ നേമം പുഷപ്‌രാജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, പി. സുധാകരൻ, വഡേര ആർട്ട് ഗ്യാലറി പ്രതിനിധി സോണിയ ബല്ലാനി എന്നിവർ പങ്കെടുക്കും.