നെടുമ്പാശേരി: മാഞ്ഞാലി തോടിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിയ്ക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. എസ് ശർമ്മ എംഎൽഎയുടെ നേതൃത്വത്തിൽ കേരള കർഷകസംഘം നെടുമ്പാശേരി ഏരിയാ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടത്.
അങ്കമാലി മുനിസിപ്പാലിറ്റിയിലും, നാലു പഞ്ചായത്തുകളിലും കൂടി ഒഴുകുന്ന തോട് പുല്ലും, പായലും നിറഞ്ഞ് ഒഴുക്ക് തസപ്പെട്ട നിലയിലാണ്. തോടിന്റെ ഒഴുക്ക് പുന:സ്ഥാപിയ്ക്കാൻ പദ്ധതി തയ്യാറാക്കാൻ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിവേദനത്തിലെ ആവശ്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മന്ത്രി ജലവിഭവ വകുപ്പ് സെക്രട്ടറി ബി. അശോക്, ചീഫ് എൻജിനിയർ കെ.എച്ച്. ഷംസുദ്ദീൻ എന്നിവരെ ചേമ്പറിൽ വിളിച്ചു വരുത്തി അടിയന്തിരമായി പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകി.
കർഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.വി. തോമസ്, ഏരിയാ സെക്രട്ടറി കെ.എസ്. രാജേന്ദ്രൻ, ട്രഷറർ ഏ.കെ. തോമസ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. തോടിന്റെ പുനരുദ്ധാരണത്തിലൂടെ ഇരുകരകളും കൃഷിയോഗ്യമാകുമെന്നും, പ്രളയം പോലുള്ള സാഹചര്യങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് ജലക്ഷാമം തടയുന്നതിനും, വർഷകാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കഴിയുമെന്ന് നിവേദനത്തിൽ പറയുന്നു. ജലവിഭവകുപ്പ് അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് കർഷകസംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.