 അടൂർ ഗോപാലകൃഷ്‌ണൻ നാവ് വാടകയ്ക്ക് കൊടുക്കരുത്

കൊച്ചി: എറണാകുളത്ത് ഇത്തവണ എൻ.ഡി.എ അട്ടിമറി വിജയം നേടുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ രാഷ്ട്രീയ മണ്ണ് എൻ.ഡി.എ യ്ക്ക് അനുകൂലമായി മാറുകയാണ്. ഗാന്ധിജിയുടെ പിന്തുടർച്ചാവകാശികൾ എന്ന് അഹങ്കരിക്കുന്ന കോൺഗ്രസുകാർ ഗാന്ധിയുടെ തൊപ്പിയും കണ്ണടയും മാത്രമാണ് ഉപയോഗപ്പെടുത്തിയത്. പക്ഷെ ബി.ജെ.പി ഗാന്ധിയുടെ ആശയങ്ങൾ വളർത്താൻ ശ്രമിക്കുകയാണ്. ഗാന്ധിജിയുടെ ആദർശങ്ങൾ കുഴിച്ചു മൂടിയത് കോൺഗ്രസാണ്. ബി.ജെ.പിക്കും മോദിക്കെതിരായുമുള്ള ആരോപണങ്ങൾ ജനം തള്ളും. സാഹിത്യ സിനിമ പ്രവർത്തകർക്കെതിരെ കേസെടുത്തു എന്നത് വ്യാജപ്രചാരണമാണ്. കോടതിയാണ് കേസെടുക്കാൻ പറഞ്ഞത്, മോദിയല്ല. ജുഡീഷ്യറിക്കെതിരായി നടത്തേണ്ട പ്രതിഷേധം എന്തിനാണ് മോദിക്കും ബി.ജെ.പിക്കും എതിരെ നടത്തുന്നത്. അടൂരിനെ പോലെയുള്ള ഒരു കലാകാരൻ അദ്ദേഹത്തിന്റെ നാവ് വാടകയ്ക്ക് കൊടുക്കരുത്. അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ബി.ജെ.പിക്കും മോദിക്കുമെതിരെ ഉന്നയിക്കാനാണ് അടൂർ ശ്രമിക്കുന്നത്. ഇത് അദ്ദേഹത്തെ പോലെയൊരു കലാകാരന് ചേർന്നതല്ല.
വോട്ട് കച്ചവടം നടത്തിയത് ഇടത് വലത് മുന്നണികൾ തമ്മിലാണ്. പാലായിലെ വോട്ട് കച്ചവടം എല്ലാ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഇരു പാർട്ടികളിലെയും നേതാക്കൾ ധാരണയായി. വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ഇടതു മുന്നണി യു.ഡി.എഫിനും മറ്റു മണ്ഡലങ്ങളിൽ മറിച്ചും വോട്ടു കച്ചവടം നടത്താനാണ് ധാരണ. പക്ഷെ ഇത്തവണ ജനം ഇത് തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി ജില്ലാ ആക്‌ടിംഗ് പ്രസിഡന്റ് വി.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ, ബി.ജെ.പി നേതാക്കളായ പി.എം. വേലായുധൻ, ബി. ഗോപാലകൃഷ്ണൻ, ബി. ഗോപകുമാർ, ഘടകകക്ഷി നേതാക്കളായ കുരുവിള മാത്യൂസ്, പി.സി. തോമസ്, വി.വി. രാജേന്ദ്രൻ, രാമചന്ദ്രൻ, അഹമ്മദ് തോട്ടത്തിൽ, എ.ബി.ജയപ്രകാശ്, കെ.എസ്. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.