കൊച്ചി: നഗരത്തിലെ ജനകീയ പ്രശനങ്ങളിൽ നിറസാന്നിധ്യമായ ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ ആവശ്യങ്ങളും നിവേദനങ്ങളുമായി ഓടിയെത്തിയത് വിദ്യാർഥികൾ. സെന്റ് ആൽബർട്ട്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഹോക്കി ടൂർണമെന്റ് സ്ഥലത്തെത്തിയ സ്ഥാനാർഥി കായികതാരങ്ങളോടും കായികാധ്യാപകരോടും സംസാരിച്ചു. കളിക്കിടെ രണ്ടു സ്‌കൂളുകൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കം എ.ഇ.ഒ യുമായി ബന്ധപ്പെട്ട പരിഹരിച്ചതോടെ കൂടുതൽ ആവശ്യങ്ങളുമായി കുട്ടികൾ സ്ഥാനാർഥിക്കൊപ്പം കൂടി. പാവപ്പെട്ട വിദ്യാർഥികൾക്ക് പരിശീലനത്തിന് ആവശ്യമായ ഒരു സ്‌പോർട്സ് സെന്റർ വേണമെന്നായിരുന്നു അവരുടെ ആവശ്യം. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടും സാധ്യമായ മാർഗങ്ങളിലൂടെയും സ്‌പോർട്സ് സെന്റർ യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്ന് രാജഗോപാൽ ഉറപ്പ് നൽകി. തുടർന്ന് ആൽബെർട്ടീൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മാനേജ്മെൻറ് സ്റ്റഡീസിലെത്തി വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തി.