
യു ഡി.എഫിന്റെ 'പൊന്നാപുരം" കോട്ടയിൽ അട്ടിമറി സ്വപ്നങ്ങൾ നെയ്യുകയാണ് ഇടതുമുന്നണി. 16 തിരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മാത്രമാണ് എറണാകുളം മണ്ഡലം ചുവന്നത്. രണ്ടു തവണയും ഇടതു സ്വതന്ത്രന്മാരായിരുന്നു അട്ടിമറി വിജയങ്ങൾക്ക് പിന്നിൽ. ഇത്തവണയും ഇടതുമുന്നണി വീശിയിരിക്കുന്നത് ഇടതു സ്വതന്ത്രനെന്ന തുറുപ്പ് ചീട്ടാണ് .
കോട്ടയിലൊരു വിള്ളൽ യു.ഡി.എഫിന് താങ്ങാനാവില്ല. ഹൈബി ഈഡന് പകരക്കാരനാകാൻ ഡി.സി.സി പ്രസിഡന്റും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.എം. റോയിയുടെ മകനും അഭിഭാഷകനുമായ മനു റോയിയിലൂടെ മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളിലാണ് ഇടതുമുന്നണി. പൊതുപ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാലിലൂടെ ശക്തമായ മത്സരത്തിനിറങ്ങിയിരിക്കുകയാണ് എൻ.ഡി.എയും. സമുദായ സമവാക്യങ്ങൾ വിധിയെഴുന്ന മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ലത്തീൻ സമുദായ സ്ഥാനാർത്ഥികളെയാണ് പോരാട്ടത്തിനിറക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
ഹൈബി ഈഡന് പകരക്കാരനാരെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള പോരാട്ടത്തിൽ 'പാലാരിവട്ടം പാലം"തിളച്ചു മറിയും. സാങ്കേതികമായി പാലം എറണാകുളം മണ്ഡലത്തിലല്ലെങ്കിലും രാഷ്ട്രീയപ്പോരിന് ചൂടും ചൂരും പാലമാണ്. പാലം അഴിമതിയാണ് ഇടതുമുണന്നിയുടെ തുറുപ്പുചീട്ട്. ഇതിനെ പ്രതിരോധിക്കാൻ യു,ഡി.എഫ് പാടുപെടുന്നു. അറസ്റ്റിന്റെ നിഴലിൽ നിൽക്കുന്ന മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ തിരഞ്ഞെടുപ്പ് വേളയിൽ വിജിലൻസ് അകത്താക്കിയാൽ മുന്നണി വൻ പ്രതിരോധത്തിലാകും. ആ ഭയത്തിന്റെ നിഴലിലാണ് യു.ഡി.എഫിന്റെ പ്രചാരണം. ഹൈബി ഈഡനൊപ്പം വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ് ടി.ജെ. വിനോദ്. മണ്ഡലത്തിൽ ഹൈബിക്കുള്ള പിന്തുണ തന്നെയാണ് യു.ഡി.എഫിന്റെ ബലവും.
1957 ലാണ് എറണാകുളം മണ്ഡലം പിറന്നത്. 87 ൽ പ്രൊഫ.എം.കെ. സാനുവിലൂടെ മണ്ഡലം ആദ്യമായി ചുവപ്പണിഞ്ഞു. 98 ലെ ഉപതിരഞ്ഞെടുപ്പിൽ ഡോ. സെബാസ്റ്റ്യൻ പോൾ വീണ്ടും മണ്ഡലത്തെ ഇടതിനൊപ്പം നിറുത്തി. ഈ രണ്ട് അട്ടിമറി വിജയങ്ങൾ മാത്രമാണ് ഇടതുമുന്നണിയുടെ അക്കൗണ്ടിലുള്ളത്. 14 തവണയും മണ്ഡലം യു.ഡി.എഫിനൊപ്പം ചേർന്നു നിന്നു, അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച ആരും മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയിട്ടില്ല. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുതരംഗം വീശിയടിച്ചിട്ടും ഹൈബി ഈഡനെതിരെ മത്സരിച്ച സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അഡ്വ. എം.അനിൽകുമാർ 21,000 ത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇതോടെയാണ് സി.പി.എം വീണ്ടും ഇടതു സ്വതന്ത്രനെന്ന പരീക്ഷണത്തിന് മുതിർന്നത്.
98ൽ എം.എൽ.എയായിരുന്നപ്പോൾ ജോർജ് ഈഡൻ പാർലമെന്റംഗമായതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. അന്ന് കോൺഗ്രസിലെ ലിനോ ജേക്കബിനെ കടപുഴക്കിയാണ് സെബാസ്റ്റ്യൻ പോൾ മണ്ഡലത്തെ ചുവപ്പണിയിച്ചത്. എം.എൽ.എയായിരുന്ന കെ.വി.തോമസ് 2009 ൽ പാർലമെന്റംഗമായതോടെയുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഡൊമിനിക് പ്രസന്റേഷൻ യു.ഡി.എഫ് കോട്ട കാത്തു. സി.പി.എമ്മിലെ പി.എൻ.സീനുലാലായിരുന്നു എതിരാളി. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾ നടന്ന ആദ്യ മണ്ഡലമെന്ന റെക്കാഡും എറണാകുളത്തിന് സ്വന്തമാകും.
മണ്ഡലത്തിൽ പരിചിതമായ മുഖമാണ് ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റേത്. ബി.ജെ.പിയിൽ സജീവമാകുന്നതിന് മുമ്പേ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ നഗരത്തിൽ നിറസാന്നിദ്ധ്യമായിരുന്നു. ഇത് രണ്ടാം തവണയാണ് എറണാകുളത്ത് ജനവിധി തേടുന്നത്. രണ്ട് ലത്തീൻ സമുദായാംഗ സ്ഥാനാർത്ഥികൾക്കിടയിൽ പരമാവധി ഹൈന്ദവ വോട്ടുകൾ നേടാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
2016ലെ നിയമസഭ തിരഞ്ഞെടുപ്പ്
ഹൈബി ഈഡൻ ( കോൺഗ്രസ്) - 57,819
അഡ്വ. എം. അനിൽകുമാർ (സി.പി.എം) - 35,870
എൻ.കെ. മോഹൻദാസ് (ബി.ജെ.പി) - 14,878
ഹൈബിയുടെ ഭൂരിപക്ഷം: 21,949
2019 ലോക്സഭ തിരഞ്ഞെടുപ്പ്
ഹൈബി ഈഡൻ ( കോൺഗ്രസ്) - 61,920
പി.രാജീവ് (സി.പി.എം) - 30,742
അൽഫോൺസ് കണ്ണന്താനം ( എൻ.ഡി.എ) -17, 769
ഹൈബിയുടെ ഭൂരിപക്ഷം: 31,178
വോട്ടർമാർ 1,53,837
ഇവരിൽ 78,302 സ്ത്രീകളും 75,533 പുരുഷന്മാരും രണ്ട് ഭിന്ന ലിംഗക്കാരും. 18നും 19 നുമിടയിൽ പ്രായമുള്ള 2,936 പേരും നൂറിനു മുകളിൽ പ്രായമുള്ള അഞ്ചും ഭിന്നശേഷി വിഭാഗത്തിപ്പെട്ട 320 ഉം വോട്ടർമാരുണ്ട്.
മണ്ഡലം
ചേരാനെല്ലൂർ പഞ്ചായത്തും കൊച്ചി നഗരസഭയിലെ 16 വാർഡുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. മണ്ഡലം പുനർനിർണയത്തിലാണ് ചേരാനെല്ലൂർ ഇടംപിടിച്ചത്. അതിനു മുമ്പ് തൃപ്പൂണിത്തുറ മണ്ഡലത്തിലായിരുന്നു. ചേരാനെല്ലൂർ എത്തുക കൂടി ചെയ്തതോടെ എറണാകുളം യു.ഡി.എഫിന്റെ കരുത്തുറ്റ മണ്ഡലമായി. വടുതലയും ചേരാനെല്ലൂരും ഇടതിന് ബാലികേറാമലയാണ്. കുന്നുപുറം എളമക്കര, എറണാകുളം സെൻട്രൽ, വാത്തുരുത്തി, ഗാന്ധിനഗർ മേഖലകളാണ് മണ്ഡലത്തിലുള്ളത്. അടുത്തിടെ എറണാകുളം സെൻട്രൽ ബി.ജെ.പി ചായ്വ് കാണിക്കുന്നു.