വൈപ്പിൻ: മഴ പെയ്താലും വേലിയേറ്റമുണ്ടായാലും ഞാറയ്ക്കൽ ആറാട്ടുവഴി കടപ്പുറം ഭാഗത്തേക്കുള്ള പി.ഡബ്ളിയു.ഡി റോഡ്മുങ്ങും. ടാലന്റ് പബ്ലിക്ക് സ്‌കൂളിന്റെ പരിസരവും ഇനിയും പണി തീരാനുള്ള പാലത്തിന്റെ പടിഞ്ഞാറുവശം 250 മീറ്ററോളം നീളത്തിൽ ഒരടിയോളം പൊക്കത്തിൽ റോഡും വെള്ളത്തിലാണ്. അശാസ്ത്രീയമായി നിർമ്മിച്ച കാണയിലൂടെയും തോട്ടിലൂടെയുംകയറുന്ന വെള്ളമാണ് റോഡിനെ മുക്കുന്നത്. വെള്ളക്കെട്ട് മൂലം ഓട്ടോറിക്ഷകൾ കുട്ടികളെ പാതി വഴിയിൽ ഇറക്കിവിടുകയാണ്. പാലം നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം വണ്ടികൾ കയറുമ്പോഴുംഇറങ്ങുമ്പോഴും അപകടവുംപതിവായി. ഈ റോഡിന്റെ റീടാറിംഗും സൗന്ദര്യവൽക്കരണവും മഴകഴിഞ്ഞാൽ ഉടനെ ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.അധികൃതർക്ക് പരാതി നൽകാനും പ്രക്ഷോഭം സംഘടിപ്പിക്കുവാനും നാട്ടുകാർ തീരുമാനിച്ചു.
ആറാട്ടുവഴി വഴി കടപ്പുറം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് ട്രാൻസ്‌പോർട്ട് ബസ് സർവ്വീസ് നടത്തണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് മന്ത്രിക്കും എംഎൽഎ യ്ക്കും നിവേദനം നൽകി.