കൊച്ചി: താമസക്കാർ ഒഴിഞ്ഞതോടെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടന്ന് സർക്കാർ. ജനുവരി 9ന് മുമ്പ് മുഴുവൻ ഫ്ലാറ്റുകളും പൊളിക്കുമെന്ന് ചുമതലക്കാരനായ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
താത്പര്യപത്രം സമർപ്പിച്ച കമ്പനി പ്രതിനിധികളും വിവിധ വകുപ്പുകളും ഇന്നലെ യോഗം ചേർന്നു. മരട് നഗരസഭ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ ആറു കമ്പനികളോട് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കമ്പനികളെ ചുമതലപ്പെടുത്താനാണ് ആലോചന.
റിപ്പോർട്ട് സാങ്കേതിക വിദഗ്ദ്ധരുടെ സംഘം പരിശോധിച്ച ശേഷമാകും കമ്പനികളെ തിരഞ്ഞെടുക്കുക.
ആറു കമ്പനികളുടെ പ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓർഗനൈസേഷൻ (പി.ഇ.എസ്.ഒ) പ്രതിനിധികളും കൊച്ചി മെട്രോ, മലിനീകരണ നിയന്ത്രണ ബോർഡ്, സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ദ്ധർ തുടങ്ങിയവർ മരട് നഗരസഭയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
നിലവിൽ പൊലീസ് സംരക്ഷണത്തിലാണ് ഫ്ലാറ്റുകൾ. ശനിയാഴ്ചയും സാധനങ്ങൾ മാറ്റാനുള്ള തിരക്കിലായിരുന്നു ഉടമകൾ. ജനലുകൾ, വാതിലുകൾ തുടങ്ങി പുനരുപയോഗിക്കാൻ പറ്റുന്ന എല്ലാ സാധനങ്ങളും പൊളിച്ചുമാറ്റി നീക്കം ചെയ്യുകയാണ് അവർ.
റിപ്പോർട്ടിൽ വേണ്ടത്
സ്‌ഫോടനം നടക്കുന്ന രീതി
പ്രത്യാഘാതം എത്രത്തോളം
ചിലവാകുന്ന പണം
അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ സമയം
അപകടം ഉണ്ടായാൽ കൈകാര്യം ചെയ്യാനെടുക്കുന്ന മുൻകരുതലുകൾ
യോഗത്തിലെ തീരുമാനങ്ങൾ
അടിത്തറയിൽ സ്‌ഫോടനം അനുവദിക്കില്ല
സ്‌ഫോടന സമയത്ത് ആറു മണിക്കൂർ നേരത്തേക്ക് 200 മീറ്റർ പരിധിയിൽ ഉള്ള താമസക്കാരെ ഒഴിപ്പിക്കും
പൊടിപടലങ്ങൾ നിയന്ത്രിക്കും
പരിസരവാസികൾക്ക് തേഡ് പാർട്ടി ഇൻഷ്വറൻസ് പരിരക്ഷ.
"140 ഫ്ലാറ്റുകൾക്ക് ശരിയായ രേഖകൾ ഇല്ല. ഇവരുടെ നഷ്ടപരിഹാരം ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി തീരുമാനിക്കും."
സ്നേഹിൽ കുമാർ സിംഗ്
സബ് കളക്ടർ