പള്ളുരുത്തി: വർഷങ്ങളായി പള്ളുരുത്തി അഗതിമന്ദിരത്തിലെ ആംബുലൻസ് കട്ടപ്പുറത്തായതിനെ തുടർന്ന് വെറുതെയിരുന്ന് ശമ്പളം പറ്റുന്ന ഡ്രൈവർ അജീബിനെ നഗരസഭ സെക്രട്ടറി സസ്പെൻഡ് ചെയ്തു.കഴിഞ്ഞ 23ന് അഗതിമന്ദിരത്തിൽ അന്തേവാസിയേയും മാതാവിനെയും സൂപ്രണ്ട് മർദ്ദിച്ച സംഭവത്തിൽ മർദ്ദന വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് അജീബായിരുന്നു. ഈ സംഭവത്തിൽ സെക്രട്ടറി എത്തി ഇയാളെ ശകാരിച്ചിരുന്നു. ഈ സമയത്തും ഇയാൾ സെക്രട്ടറിയോട് തട്ടിക്കയറിയിരുന്നു. വനിതാ കമ്മിഷൻ അഗതിമന്ദിരത്തിൽ എത്തി മൊഴി എടുത്തിരുന്നു. വരും ദിവസങ്ങളിൽ മറ്റു ജീവനക്കാർക്ക് നേരെയും നടപടിയുണ്ടാകും. ജോലി എടുക്കാതെ ആംബുലൻസ് ഡ്രൈവർ ശമ്പളം പറ്റുന്നതായുള്ള വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് സസ്പെൻഷൻ ലഭിച്ചത്. അന്തേവാസികൾക്ക് നേരെയുള്ള പീഡന വിവരം ചോദിച്ചതിന് വർഷങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന അദ്ധ്യാപികയെ പിരിച്ച് വിട്ടിരുന്നു. 3 വർഷം പൂർത്തിയായ സ്ഥിരം ജീവനക്കാർക്ക് സ്ഥലം മാറ്റം വന്നിട്ടും പലരും ഇവിടെ തന്നെ തമ്പടിച്ചിരിക്കുകയാണ്. പുറത്ത് നിന്നും സ്പോൺസർ ചെയ്യുന്ന ഭക്ഷണത്തിന്റെ വിവരം ഇവിടത്തെ രജിസ്ട്രറിൽ പലപ്പോഴും രേഖപ്പെടുത്താറില്ല. ഇവിടത്തെ മർദ്ദനം മൂലം സ്ത്രീ അന്തേവാസികളുടെ എണ്ണം വളരെ ഗണ്യമായി കുറഞ്ഞു. പലരും സമീപത്തെ മന്ദിരങ്ങളിലേക്ക് അഭയം തേടി. അഗതി മന്ദിരത്തിലെ എല്ലാ മുറികളിലും കാമറ സ്ഥാപിക്കുമെന്നും അധികാരികൾ അറിയിച്ചു.