തൃക്കാക്കര: എറണാകുളം ജില്ലാജയിൽ സംസ്ഥാനത്തെ മറ്റ് ജയിലുകൾക്ക് മാതൃകയാണെന്ന് സംസ്ഥാന ജയിൽ വകുപ്പ് ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.സംസ്ഥാന ജയിൽ ക്ഷേമ വാരാഘോഷത്തിന്റെ സമാപന സമ്മേളനം എറണാകുളം ജില്ലാ ജയിലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ അന്തേവാസികളും ജയിൽ ഉദ്യോഗസ്ഥരും ഒരു കുടുംബം പോലെയാണ് .ജയിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ നടപ്പിലാക്കുന്ന പദ്ധതികളും മാതൃകപരമാണ്. ജില്ല ജയിൽ മാതൃകപരമായ വ്യവസായ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഡി.ജി.പി പറഞ്ഞു. കാക്കനാട് ജയിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്.സുഹാസ് അദ്ധ്യക്ഷത വഹിച്ചു അന്തേവാസികൾ നിർമിച്ച എൽ.ഡി ബൾബിന്റെ ആദ്യവില്പന ജില്ലാ കളക്ടർക്ക് നൽകി ഡി.ജി.പി ഉദ്ഘാടനംചെയ്തു.10000 ബൾബുകൾക്കുള്ള ഓർഡർ അപ്പോൾ തന്നെ ജില്ലാ കളക്ടർ എസ്.സുഹാസ് ജയിൽ സുപ്രണ്ടിന് നൽകി. സിനിമ സംവിധായകൻ നാദിർഷ മുഖ്യ പ്രഭാഷണം നടത്തി. ജയിൽ സൂപ്രണ്ട് കെ.വി.ജഗദീശൻ, പാസ്റ്റർ ഷാജി സെ ബാസ്റ്റ്യൻ, ഫാദർ ഷാജി സ്റ്റീഫൻ, ജയിൽവെൽഫെയർ ഓഫീസർ ജോർജ് ചാക്കോ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കൊച്ചിൻ നാട്ടരങ്ങ് അവതരിപ്പിച്ച നാടൻ പാട്ടും, ജില്ലാ ജയിൽ ഉദ്യോഗസ്ഥരുടെ ഗാനമേളയോടെ ഈ വർഷത്തെ ജയിൽ ക്ഷേമ വാരാഘോഷം സമാപിച്ചു