തൃക്കാക്കര: ബോസ്റ്റൽ സ്കൂളിൽ തടവുകാർ കൂട്ടത്തോടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ കാക്കനാട് നിന്നും മാറ്റും. ഇതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജയിൽ അധികൃതർ. സുരക്ഷാ പ്രശ്നം ഉയർത്തിയാവും നടപടി.
ആക്രമണത്തിൽ പരിക്കേറ്റ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ സുഭാഷ് ചന്ദ്രനെ (37 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ കേസുകളിൽ പ്രതികളായ 18 - 21 പ്രായക്കാരെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്കൂളിൽ തടവുകാർ കൂട്ടത്തോടെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
കോട്ടയം ജയിലിൽ നിന്ന് ഈ ആഴ്ച ഇവിടേക്കു മാറ്റിയ 6 പേരാണ് ആക്രമണം നടത്തിയതെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. വധശ്രമം, ക്വട്ടേഷൻ ആക്രമണ കേസുകളിൽ പ്രതികളാണിവർ. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഘർഷം ഉടലെടുത്തത്.
തോളെല്ലിനു പരുക്കേറ്റ സുഭാഷ് ചന്ദ്രനെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് - ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗാർഡ് ഓഫീസറുടെ ചുമതലയുള്ള സുഭാഷ് ചന്ദ്രനെ പ്രതികൾ വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു.
ഒരേ കേസിലെ പ്രതികളാണ് ആറുപേരും. ഈ ആഴ്ച പല ദിവസങ്ങളിലായി രണ്ടു പേരെ വീതമാണ് കോട്ടയം ജയിലിൽ നിന്നു കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിലെത്തിച്ചത്. അവസാന രണ്ടുപേർ വ്യാഴാഴ്ച രാവിലെ എത്തിയതോടെ സംഘം ഉദ്യോഗസ്ഥരോടു കയർത്തു തുടങ്ങി.
രാവിലെ പഠന മുറിയിൽ അദ്ധ്യാപകനു നേരെ ഇവർ ഭീഷണി ഉയർത്തിയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണ സമയത്തു സഹ തടവുകാർക്കു നേരെയായി ഭീഷണി. ഇവരെ ചോദ്യം ചെയ്യാനായി ഒരുമിച്ചു പുറത്തിറക്കിയപ്പോഴാണു കൂട്ടത്തോടെ ഉദ്യോഗസ്ഥരെ ആകമിച്ചത്.
കാക്കനാട് വനിതാ ജയിലിനോടു ചേർന്നാണ് ബോസ്റ്റൽ സ്കൂൾ. 18 മുതൽ 21 വയസുവരെയുള്ള 60 തടവുകാരാണ് ഇവിടെയുള്ളത്. കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലെ ജയിലുകളിലേക്കു റിമാൻഡിലെത്തുന്നവരെയാണ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ താമസിപ്പിക്കുന്നത്.