കഴിഞ്ഞ ഒരാഴ്ചക്കിടെ മൂവാറ്റുപുഴയിൽ അഞ്ച് ആക്രമണങ്ങൾ

മൂവാറ്റുപുഴ: ആൾക്കൂട്ട അക്രമങ്ങളും ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടവും മൂവാറ്റുപുഴയിൽ സജീവമാകുന്നു. പൊലീസ് നടപടിയെടുത്തുവെങ്കിലുംഗുണ്ടാസംഘങ്ങളെ ഒതുക്കാൻ സ്ഥിരമായ നടപടിയില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് മൈലൂർ ചെമ്മായത്ത് മുഹ്‌സിനെ ബൈക്ക് പെട്ടെന്ന് ബ്രേക്ക്ചെയ്തതുമായി ബന്ധപ്പെട്ട് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു. പിന്നിലുണ്ടായിരുന്ന കാർ യാത്രക്കാരനുമായി ഉണ്ടായ വാക്കുതർക്കമാണ് പ്രശ്നമായത് .ഒടുവിൽ കാറിലും ബൈക്കിലുമായി എത്തിയ ഒരു സംഘം യുവാക്കൾ ബൈക്ക് ഷോറൂമിൽ നിന്നും പിടിച്ചിറക്കി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹ്‌സിൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച തന്നെ ഇ.ഇ.സി മാർക്കറ്റ് റോഡിൽ ബൈക്ക് ,കാർ യാത്രക്കാർ തമ്മിൽ നടുറോഡിൽ വാക്ക് തർക്കമുണ്ടാകുകയും പിന്നീട് പരസ്പരം ഏറ്റ് മുട്ടുകയുമായിരുന്നു. നാട്ടുകാർ തടിച്ച് കൂടിയെങ്കിലും ഇരുവരും പരസ്പരം വെല്ലുവിളികളുമായിനിന്നു.

കഴിഞ്ഞ വ്യാഴാഴ്ച വെള്ളൂർകുന്നത്ത് പട്ടാപ്പകൽ കാറിൽടോറസ് ഉരസിയെന്നാരോപിച്ച് കാറിലെത്തിയ യുവാവ് ടോറസ് ലോറിയുടെ താക്കോൽ ഊരിമാറ്റിയത് നഗരത്തിൽ വൻഗതാഗത കുരുക്കിന് കാരണമായിരുന്നു. ഒടുവിൽ പൊലീസെത്തി ടോറസ് ഉടമയെ വിളിച്ച് വരുത്തി മറ്റൊരു താക്കോൽ കൊണ്ട് വന്നാണ് വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടിൽ നിന്നും കോളേജിലേയ്ക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്ന മൂവാറ്റുപുഴ നിർമ്മല കോളേജ് ഡിഗ്രി വിദ്യാർത്ഥി സച്ചിനെ മൂവാറ്റുപുഴ 130 ജംഗ്ഷനിൽ വച്ച് ജീപ്പിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചിരുന്നു. പരിക്കേറ്റ സച്ചിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സച്ചിന് പരീക്ഷ പോലും എഴുതാൻ കഴിഞ്ഞില്ല.

കഴിഞ്ഞ തിങ്കളാഴ്ച തന്നെ സ്വകാര്യ ബസിന് പിന്നിൽ ഹോൺ മുഴക്കിയെന്ന കാരണത്താൽ മൂവാറ്റുപുഴ നെഹ്രുപാർക്കിൽ വച്ച് മൂവാറ്റുപുഴ ഡിപ്പോയിലെ കലൂർ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പ് മുളവൂർ സ്വദേശി മേയ്ക്കപ്പടിയ്ക്കൽ അഷറഫിനെ നിരപ്പിൽ വച്ച് കാറിലെത്തിയ സംഘം മർദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷറഫ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.നിസാര ട്രാഫിക് പ്രശ്‌നങ്ങളുടെ പേരിൽ യുവാക്കൾകൈയൂക്കും തിണ്ണമിടുക്കുംകാട്ടുകയാണ് . . സംഘടിത ആക്രമണങ്ങൾ വ്യാപകമാകുമ്പോഴും പ്രതികളെ പീടികൂടാത്തതാണ് ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നത്.

പലകേസുകളും പൊലീസ് സ്‌റ്റേഷന് പുറത്ത് ഒത്തുതീർപ്പാക്കുന്നു.ഇത് കൂടുതൽ ൽഅക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു

ചെറിയ പ്രശ്‌നങ്ങൾ പോലും തല്ലിതീർക്കാനുള്ള മനോഭാവംയുവാക്കൾക്കിടയിൽ വളരുന്നു.

എന്തുപ്രശ്നമുണ്ടായാലും ഒപ്പം നിൽക്കുന്ന സുഹൃദ് വലയങ്ങൾ ഗുണ്ടകൾക്ക് ബലമേകുന്നു