മറൈൻഡ്രൈവിനെ ആവേശത്തിലാഴ്ത്തിയ വള്ളംകളി
കൊച്ചി: ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിലുള്ള പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളംകളിയുടെ കൊച്ചി മറൈൻഡ്രൈവിൽ നടന്ന അഞ്ചാം മത്സരത്തിൽ ചമ്പക്കുളം ചുണ്ടന് അട്ടിമറി വിജയം.
യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ (കോസ്റ്റ് ഡോമിനേറ്റേഴ്സ്) 17 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ കഴിഞ്ഞ നാലു മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ മറികടന്നു.
ഫോട്ടോഫിനിഷിംഗിൽ വിജയികളെ തീരുമാനിച്ചപ്പോൾ ഫൈനലിലെ മൂന്നു ടീമുകൾ തമ്മിലുള്ള വ്യത്യാസം ഒരു സെക്കൻഡു പോലുമില്ലായിരുന്നു.
3:17.99 മിനിട്ടിൽ ചമ്പക്കുളം ഒന്നാമതെത്തിയപ്പോൾ 3:18.16 മിനിറ്റ് കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) രണ്ടാമതെത്തി. മൂന്നാമതെത്തിയ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (റേജിംഗ് റോവേഴ്സ്) 3:18.41 മിനിറ്റ് സമയമാണെടുത്തത്. മറൈൻഡ്രൈവിലെ 960 മീറ്റർ ട്രാക്കിൽ ആർപ്പു വിളിച്ച് പ്രോത്സാഹിപ്പിച്ച ആയിരങ്ങളെ സാക്ഷിയാക്കിയാണ് ചമ്പക്കുളം മിന്നുന്ന വിജയം സ്വന്തമാക്കിയത്.
ഹീറ്റ്സിലും ഫൈനലിലും ഏറ്റവും മികച്ച സമയം മൂന്നാം ഹീറ്റ്സിൽ കുറിച്ച നടുഭാഗത്തിന് (3:12.14 മിനിറ്റ്) നെറോലാക് എക്സെൽ ഫാസ്റ്റസ്റ്റ് ടീം ഒഫ് ദി ഡേ പ്രകാരം അഞ്ച് പോയിന്റ് അധികം ലഭിച്ചു. 68 പോയിന്റുമായി നടുഭാഗം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് മത്സരങ്ങൾ പിന്നിട്ടപ്പോൾ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) 34 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 33 പോയിന്റുമായി കാരിച്ചാൽ നാലാം സ്ഥാനത്താണ്.
സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് മത്സരം ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ടി എം തോമസ് ഐസക്, മേയർ സൗമിനി ജെയിൻ, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർമാൻ ഡോ. എം ബീന, ഫോർട്ട്കൊച്ചി സബ്കളക്ടർ സ്നേഹിൽകുമാർ സിംഗ്, ചലച്ചിത്ര താരം ടോവിനോ തോമസ് തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് റാണി ജോർജ്ജ്, പി.ബാല കിരൺ, ടോവിനോ തോമസ് എന്നിവർ പുരസ്ക്കാരങ്ങൽ നൽകി.