കൊച്ചി: എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്‌ഥാനാർഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്‌ഥർ ഊരി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷർട്ട് തേക്കാനെടുത്തപ്പോഴാണ് വീട്ടിൽ വൈദ്യുതി ഇല്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടത്. 759 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതാണ് കാരണം. വാടക വീടായതിനാൽ ഉടമസ്‌ഥന്റെ പേരിലാണ് ബിൽ വരുന്നത്. ബിൽ അടച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഫ്യൂസ് തിരികെ നൽകി.
സാധാരണ മുൻകൂറായി പണം അടയ്ക്കാറാണ് പതിവെന്ന് രാജഗോപാൽ പറഞ്ഞു. ഇത്തവണ അത് മറന്നു. ഉത്തരവാദിത്വം നിർവഹിച്ച ഉദ്യോഗസ്‌ഥരെ അഭിനന്ദിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
എറണാകുളം ശിവക്ഷേത്രത്തിൽ സ്‌ഥാനാർഥിക്കായി ശിവസേന പ്രവർത്തകർ നേർന്ന ധാര വഴിപാട് ഏറ്റുവാങ്ങിയായിരുന്നു സി.ജി.രാജഗോപാൽ ഇന്നലെ പ്രചാരണം ആരംഭിച്ചത്. ഗംഗോത്രി ഹാളിൽ നടക്കുന്ന കേരള ബ്രാഹ്മണ സഭയുടെ നവരാത്രി ഉത്സവത്തിൽ പങ്കെടുത്തു. വൈകിട്ട് ബസിലിക്ക പള്ളിയിലെത്തി അനുഗ്രഹം തേടിയ ശേഷം ഗുജറാത്തി സമൂഹത്തിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്താണ് പ്രചാരണം അവസാനിപ്പിച്ചത്.