കൊച്ചി: അടൂർ ഗോപാലകൃഷ്ണനടക്കമുള്ള 49 സാമൂഹിക,​ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പേരിൽ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ ജില്ല കമ്മറ്റി നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. ടൗൺ ഹാളിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് കത്ത് അയച്ച് നിർവഹിച്ചു. ജില്ലയിലെ 200 മേഖല കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് കത്താണ് അയച്ചത്. അടൂർ അടക്കമുള്ളവർ അയച്ച കത്തിന്റെ പകർപ്പാണ് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി അയച്ചത്. തുടർന്ന് നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി അഡ്വ. എ.എ അൻഷാദ്, പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, ട്രഷറർ പി.ബി രതീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സോളമൻ സിജു, എൻ.ജി സുജിത് കുമാർ, എൽ.ആദർശ് എന്നിവർ സംസാരിച്ചു.