കൊച്ചി: അടൂർ ഗോപാലകൃഷണനെ പോലെയുള്ളവരെ കൊണ്ട് പ്രധാനമന്ത്രിക്കെതിരേ കത്തെഴുതിച്ച് അത് മാധ്യമങ്ങൾക്ക് നൽകുന്ന തരത്തിൽ കേരളത്തിലെ ധൈഷണിക രംഗം മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേരളത്തിലെ ആദ്യ ആർ.എസ്.എസ് പ്രാന്ത പ്രചാരകനായ ഭാസ്‌കർ റാവുവിന്റെ ജന്മശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടൂരിനെ എനിക്കറിയാം. സംസാരിച്ചിട്ടുണ്ട്. ഒരു വേളയിലും ഹിന്ദുത്വത്തെ അദ്ദേഹം എതിർത്തിട്ടില്ല. നിരീശ്വര വാദിയുമല്ല. പക്ഷേ, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച് കത്തെഴുതിക്കാൻ പാകത്തില്‍ കേരളത്തിലെ ധൈഷണികരംഗത്തെ സ്ഥിതി മോശമായി,
കേരളത്തിന്റെ യഥാർത്ഥ നവോത്ഥാനം രേഖപ്പെടുത്തുന്നവർക്ക് ഭാസ്‌കർ റാവുവിനെ ഒഴിവാക്കാൻ ആവില്ല.സാമൂഹ്യ പരിഷ്‌കരണത്തിലും ഭാസ്‌കർ റാവുവിന് വലിയ പങ്കുണ്ടെന്നും മുരളീധരൻ പറഞ്ഞു.
സമ്മേളനം ആർ.എസ്.എസ് സഹ സർകാര്യവാഹ് കൃഷ്ണഗോപാൽ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ കൊച്ചിൻ കപ്പൽശാല സി.എം.ഡിയും ജന്മശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാനുമായ മധു.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ, വനവാസി കല്യാൺ ആശ്രമം ദേശീയ സംഘടനാ സെക്രട്ടറി ഹർഷ ചൗഹാൻ, ആർ. ഹരി, ജെ. നന്ദകുമാർ, ഒ. രാജഗോപാൽ എം.എൽ.എ, സി.കെ. സജിനാരായണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, എം. രാധാകൃഷ്ണൻ, ആർ. സഞ്ജയൻ, തരുൺ വിജയ്, രേണു പ്രകാശ്, പി.ബി. രമേഷ്ബാബു, സി. സദാനന്ദർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.