ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവതിക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കളമശേരി കുസാറ്റ് അനന്യ കോളേജ് ഹോസ്റ്റൽ വാർഡനായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിനി ആര്യ (34 )യാണ് പ്രതി.
സംഭവത്തിൽ ആശുപത്രി അധികൃതരും സെക്യൂരിറ്റി ജീവനക്കാരന്റെ ഏജൻസിയും പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഒക്ടോബർ ഒന്നിനാണ് സെക്യൂരിറ്റിയായ ആലപ്പുഴ സ്വദേശി റിങ്കു (26) വിനെ യുവതി മർദിച്ചത്. രോഗിക്ക് കൂട്ടു വന്നതാണ് യുവതി. യുവതിയുടെ സ്‌കൂട്ടർ സെക്യൂരിറ്റി ജീവനക്കാരൻ അശ്രദ്ധയോടെ പുറത്തേക്കെടുത്തെന്ന് ആരോപിച്ചാണ് യുവാവിന്റെ കവിളിൽ യുവതി അടിച്ചത്. ആശുപത്രിയുടെ സി.സി. ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി.
പരാതി എത്തിയതോടെ യുവാവുമായി സംസാരിച്ച് പരാതി ഒത്തുതീർപ്പാനുള്ള ശ്രമവും ഇതിനിടെ നടന്നിരുന്നു. എന്നാൽ അഭിഭാഷകനുമായി സ്റ്റേഷനിലെത്തിയ യുവതി സെക്യൂരിറ്റി ജീവനക്കാരനോട് വീണ്ടും മോശമായി പെരുമാറിയതോടെ പരാതിയുമായി മുന്നോട്ട് പോകാൻ ജീവനക്കാരന്റെ ഏജൻസി തീരുമാനിക്കുകയായിരുന്നു. മർദിച്ചതിനും അസഭ്യം പറഞ്ഞിനുമാണ് കേസ്.