നെടുമ്പാശേരി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വിദ്യാരംഭത്തോടെ നാളെ സമാപിക്കും. നൂറുകണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിക്കാനെത്തും.
ദിവസവും എഴുത്തിനിരുത്തുന്ന സംസ്ഥാനത്തെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള 15 അംഗ ട്രസ്റ്റാണ് നേതൃത്വം നൽകുന്നത്. വിവിധ ദിവസങ്ങളിലായി നൃത്താരാധന, ശാസ്ത്രീയനൃത്തം, സംഗീതസുധ, സംഗീതാരാധന, സംഗീതക്കച്ചേരി, നൃത്താരാധന, തായമ്പക, വിചിത്ര വീണാവാദനം എന്നിവ നടന്നു.ഇന്ന് രാവിലെ 11.30ന് അന്നദാനം നടക്കും.
നാളെ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, സിനിമാതാരം ദിലീപ്, ദിവാകരൻ പിള്ള, ദീപ, രാമചന്ദ്രൻ ഷാരഡി, ശ്രീമൂലനഗരം മോഹൻ, അഡ്വ. എ. ജയശങ്കർ, പ്രദീപ് അവണപറമ്പ് മന, ഡോ. അനിൽ കുമാർ വെൺമണി, ടി.ആർ.വി. നമ്പൂതിരി, മാടവന പരമേശ്വരൻ നമ്പൂതിരി, എ.സി.കെ. നായർ, സിനിമ സംവിധായകരായ ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്തുന്നത്.
കേരള ക്ഷേത്രസേവാ ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, രക്ഷാധികാരി എം.പി. നാരായണൻ മൂത്തമന, സെക്രട്ടറി വത്സൻ ചമ്പക്കര, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ബിജു കർണൻ എന്നിവർ നേതൃത്വം നൽകും.