ആലുവ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയാഘോഷവും വിജയദശമി ഉത്സവവും നാളെ സമാപിക്കും. ഇതോടനുബന്ധിച്ച് ദുർഗ്ഗാസപ്തശതി പുഷ്പാഞ്ജലിയും നടക്കും. ഇന്നലെ സംഗീതസദസ്, തിരുവാതിരകളി എന്നിവ നടന്നു. ഇന്ന് വൈകിട്ട് പ്രത്യേക പൂജകൾക്ക് പുറമെ നൃത്ത്യനൃത്ത്യങ്ങൾ നടക്കും. നാളെ രാവിലെ പൂജയെടുപ്പ് വിദ്യാരംഭം, സമൂഹശ്രീവിദ്യാപൂജ, പ്രസാദവിതരണം എന്നിവയുണ്ടാകും. ക്ഷേത്രം മേൽശാന്തി തോട്ടത്തിൽമന രവി നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തും. ക്ഷേത്രം പ്രസിഡന്റ് എ. ശ്രീനാഥ് നായ്ക്, സെക്രട്ടറി എൻ. അനിൽകുമാർ, ട്രഷറർ അയ്യപ്പൻനായർ എന്നിവർ നേതൃത്വം നൽകും.
എൻ.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയ്ക്ക് കീഴിലുള്ള ശ്രീശാരദാദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ സമാപിക്കും. പൂജവെയ്പ്പ് ചടങ്ങുകൾ നടന്നു. ഇന്ന് വൈകിട്ട് 4.30ന് മാന്ത്രയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദേശതാലപ്പൊലി, രാത്രി 7.30ന് പാഠകം, നാളെ രാവിലെ എട്ടിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭചടങ്ങുകളും നടക്കും. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റിഅംഗം സി.പി. ബേബി എന്നിവർ നേതൃത്വം നൽകും.
എടയപ്പുറം ശാഖയ്ക്ക് കീഴിലുള്ള കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നാളെ സമാപിക്കും. ഇന്ന് രാവിലെ 10.30ന് വിദ്യാരാജ ഗോപാലമന്ത്രാർച്ചന, വൈകിട്ട് ആറിന് മഹാലക്ഷ്മിപൂജ, ഗ്രന്ഥപൂജ, ആയുധപൂജ എന്നിവ നടക്കും. നാളെ രാവിലെ 7.30ന് സരസ്വതിപൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി ബിബിൻരാജ് വാമനശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.
ശാഖയിൽ പ്രവർത്തിക്കുന്ന നാദശ്രീ സംഗീത വിദ്യാലയത്തിൽ നവരാത്രി സംഗീതോത്സവം നടക്കും. നാളെ രാവിലെ എട്ടിന് ഡയറക്ടർ അനിലിന്റെ നേതൃത്വത്തിൽ വിദ്യാരംഭം. വൈകിട്ട് അഞ്ചിന് നടക്കുന്ന സംഗീതാർച്ചനയിൽ അഞ്ജന ഷിജു, നയൻലക്ഷ്മി, നന്ദന ഷിജു, പാർവതി അനിൽ, ഇന്ദ്രജിത്ത് അനിൽ, ഗൗരിനന്ദന ഷിബു, സാന്ദ്ര ഷൈൻ, അനന്തു സിംജേഷ്, ജിതിൻ ജഗദീഷ്, നോമിത് സാബു, സാന്ദ്ര സതീഷ്, വിഷ്ണു എന്നിവർ പങ്കെടുക്കും.