paravur-mookambika
ദക്ഷിണ മൂകാംബിക

പറവൂർ : വിദ്യാരൂപിണിയായ സരസ്വതിദേവിയുടെ ചൈതന്യം കുടികൊള്ളുന്ന പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിനും ദർശനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിജയദശമിക്ക് പുലർച്ചെ മൂന്നിന് ദേവിയുടെ പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. നടതുറന്നശേഷം അഷ്ടാഭിഷേകവും സരസ്വതിപൂജയും ഉണ്ടാകും. ശീവേലി, പന്തീരടി പൂജയ്ക്കുശേഷം പൂജയെടുക്കും. ശ്രീകോവിലിൽ നിന്ന് സരസ്വതിചൈതന്യം വിദ്യാരംഭ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചശേഷം വിദ്യാരംഭം ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ബി.വി. രംഗയ്യയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കേകോണിലെ വിദ്യാരംഭ മണ്ഡപത്തിലും നാലമ്പലത്തിന് അകത്തും കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭ മണ്ഡപത്തിൽ 20 പ്രമുഖ ഗുരുക്കന്മാർ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും. ദർശനത്തിനും വിദ്യാരംഭത്തിനും പ്രത്യേക ക്യൂവാണ്. രണ്ടു ക്യൂവും കിഴക്കേ നട ഗോപുരത്തിലൂടെ പ്രവേശിക്കും. വിദ്യാരംഭത്തിനു ശേഷം കുട്ടികൾക്ക് ദേവീദർശനം നടത്താനായി പ്രത്യേകം ക്യൂവിലൂടെ നാലമ്പലത്തിനുള്ളിലേക്ക് കയറ്റും. ദർശനം കഴിഞ്ഞ് പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക് ഇറങ്ങണം. വിദ്യാരംഭത്തിന് 50, വിദ്യാമന്ത്രാർച്ചനയ്ക്ക് 20, കഷായത്തിന് 35, സരസ്വതിപൂജയ്ക്ക് 135, അപ്പം അരവണ കാൽ ലിറ്ററിന് 100 രൂപയുമാണ്. രണ്ട് ക്യൂവും കടന്നു പോകുന്നതിനു സമീപത്ത് വഴിപാട് രശീതുകൾ ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പത്ത് ദിവസമായി നടന്നുവന്ന കളഭാഭിഷേകത്തിനു ശേഷം ഉച്ചപ്പൂജ കഴിഞ്ഞ് നടയടക്കും. കളഭാഭിഷേകത്തിനു മുമ്പുവരെ വിദ്യാരംഭമുണ്ടാകും.

സരസ്വതി മണ്ഡപത്തിൽ മഹാനവമി ദിനമായ ഇന്ന് രാവിലെ 6ന് ഗീതാപരായണം, 7ന് സംഗീതാർച്ചന, വൈകിട്ട് 5.30ന് വാദ്യോപകരണ സംഗീതാർച്ച, 6.15ന് നൃത്തം, 7.30ന് ക്ളാസിക്കൽ നൃത്തസന്ധ്യ, രാത്രി 9ന് ഭരതനാട്യം. വിജയദശമി ദിനമായ നാളെ പുലർച്ചെ നാലിന് പൂജയെടുപ്പ്, 5ന് വിദ്യാരംഭം, രാവിലെ 8ന് സംഗീതാർച്ചന, 11.30ന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് 6ന് യോഗാഭ്യാസം, 7ന് സംഗീതസദസ്, 7.30ന് ടി.എച്ച്. സുബ്രഹ്മണ്യന്റെ വയലിൻസോളോ, എട്ടിന് പ്രത്യേക സരസ്വതി പൂജ കഴിഞ്ഞ് ദേവിയുടെ പ്രധാന വഴിപാടായ കഷായ നിവേദ്യം വിതരണത്തിനു ശേഷം നവരാത്രി മഹോത്സവം സമാപിക്കും.