ആദിവാസി പഞ്ചായത്തു പോലും നടപ്പാക്കി
കൊച്ചി നഗരസഭയിൽ എങ്ങുമെത്തിയില്ല
കൊച്ചി: ആദിവാസി പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽ പോലും വിജയകരമായി നടപ്പാക്കിയ ഇ-ഗവേണൻസ് പദ്ധതി കൊച്ചി നഗരസഭയിൽ എങ്ങുമെത്തിയില്ലെന്ന് പരാതി. പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത കമ്പനി പാതിവഴിയിൽ നിറുത്തിപ്പോയതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തിറങ്ങി.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് ഇ-ഗവേണൻസ് പദ്ധതി നടപ്പാക്കുന്നത്.ഇതുമൂലം നഗരവാസികൾ വലയുന്നത് കേരളകൗമുദി പലകുറി റിപ്പോർട്ട് ചെയ്തിരുന്നു.
നഗരസഭയുടെ സേവനങ്ങൾ ഓൺലൈനിൽ വേഗത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇ-ഗവേണൻസ് പദ്ധതിക്ക് തുടക്കമിട്ടത്. 54 ആഴ്ച കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2011 ൽ വിപ്രോ തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയ പദ്ധതി ടാറ്റാ കൺസൾട്ടൻസി സർവീസസിയെ (ടി.സി.എസ് ) നടപ്പാക്കാൻ ഏല്പിച്ചെങ്കിലും എങ്ങുമെത്താത്തതിന് പിന്നിൽ അഴിമതിയാണെന്ന് പ്രതിപക്ഷമായ എൽ.ഡി.എഫ് ആരോപിക്കുന്നു. പത്തു മോഡ്യൂളുകളിൽ 24 സേവനങ്ങൾ ലഭ്യമാക്കാൻ 8.10 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. എന്നാൽ, ഭാഗികമായി പോലും സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ല. ജനന മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ബിൽഡിംഗ് പ്ളാൻ പെർമിറ്റ് തുടങ്ങിയ സേവനങ്ങളാണ് ഇതുവഴി ലഭിക്കേണ്ടിയിരുന്നത്. പദ്ധതി നടപ്പാക്കാത്തതിനാൽ ഇടനിലക്കാർ വഴി കാര്യങ്ങൾ നടത്തേണ്ട അവസ്ഥയിലാണ് ജനങ്ങളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
# 8വർഷം കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയായില്ല
# മറ്റിടങ്ങളിൽ പൊതുമേഖല
സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ വൺ കെ.എം എന്ന പൊതുമേഖലാ സ്ഥാപനമാണ് ഇ-ഗവേണൻസ് പദ്ധതി നടപ്പാക്കിയത്. ഡാറ്റാ സെന്ററിൽ സാങ്കേതിക സഹായത്തിനുള്ള സംവിധാനം വൺ കെ.എമ്മിനുണ്ട്. അതിനാൽ മറ്റു സ്ഥാപനങ്ങളിൽ പരാതികളില്ലാതെ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തിന് നൽകിയ കൊച്ചിയിൽ ഒന്നും നടക്കുന്നുമില്ല.
# പ്രശ്നം ഡാറ്റാ സെന്ററിൽ
ഡാറ്റാ സെന്റർ സർവറിനുണ്ടായ തകരാറുകൾ പരിഹരിക്കാത്തതാണ് പ്രശ്നം.കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, കരാർ ഒപ്പിടാൻ ടി.സി.എസ് തയ്യാറായിട്ടില്ല.
# കടുത്ത അഴിമതി നടന്നു
ഇ-ഗവേണൻസ് സംവിധാനത്തിലെ വിവിധ മോഡ്യൂളുകൾ പ്രവർത്തനക്ഷമമാകും മുമ്പേ അവ തൃപ്തികരമായി പ്രവർത്തിക്കുന്നതായി വിവിധ വകുപ്പു മേധാവികളും സെക്രട്ടറിയും മേയറും ഡപ്യൂട്ടി മേയറും സാക്ഷ്യപ്പെടുത്തി നൽകിയതിനാലാണ് ടി.സി.എസ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത്. 4.96 കോടി രൂപ ടി.സി.എസ് കൈപ്പറ്റുകയും ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട കടുത്ത അഴിമതി നടന്നിട്ടുണ്ട്.
കെ.ജെ. ആന്റണി,പ്രതിപക്ഷ നേതാവ് കൊച്ചി നഗരസഭ
# പദ്ധതി ചുരുക്കത്തിൽ
2011 ൽ തുടക്കം
2011 ൽ ഡി.പി.ആർ
കരാർ ടി.സി.എസിന്
ലക്ഷ്യമിട്ടത് 54 ആഴ്ച
10 മോഡ്യൂളുകൾ
24 സേവനങ്ങൾ
കരാർ 8.10 കോടി രൂപ