കുട്ടികളുടെ നാവിൽ ആദ്യക്ഷരം എഴുതുന്നത് നാരായം കൊണ്ടാണ്.
പറവൂർ : നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെ പകർന്നുകിട്ടിയ നാരായം നിർമ്മാണത്തിന്റെ അപൂർവ വൈവിദ്ധ്യം ഇന്നും കൈവിടാതെ പിന്തുടരുകയാണ് സ്വാമിനാഥൻ. വിദ്യാരംഭത്തിനായി പ്രാചീനകാലം മുതൽ ഉപയോഗിക്കുന്ന നാരായം ഇന്നും നിർമ്മിക്കുന്നത് കണക്കുകളിലും വിശ്വാസത്തിലും അണുവിട തെറ്റാതെയാണ്. സത്ത്വ, രജോ, തമോ ഗുണാധിയായ വിദ്യയ്ക്ക് ആരംഭം കുറിക്കുന്ന വിദ്യാരംഭത്തിന് കുട്ടികളുടെ നാവിൽ ആദ്യക്ഷരം എഴുതുന്നത് നാരായം കൊണ്ടാണ്. വൈഷ്ണ, ശൈവ, ശാസ്ത എന്നീ ഭാവങ്ങളെ സമന്വയിപ്പിക്കുന്നതാണ് നാരായം. അഗ്രത്തിൽ സ്വർണ്ണ രസത്തിൽ സരസ്വതിയും മദ്ധ്യത്തിൽ ദക്ഷിണാമൂർത്തിയും പാദത്തിൽ ഹയഗ്രീവനുമാണ് . പഞ്ചലോഹങ്ങളാൽ നിർമ്മിക്കുന്ന ദണ്ഡിൽ കടച്ചാമരത്തിൽ കടഞ്ഞെടുത്ത് രൂപപ്പെടുത്തിയ ശേഷം അരം ഉപയോഗിച്ച് മിനുസപ്പെടുത്തും. 18 സെന്റിമീറ്റർനീളവും അറുപത് ഗ്രാം തൂക്കവുമാണ് സാധാരണ നാരായത്തിനുള്ളത്. പഴയ രീതിയിലുള്ള കണക്കുകളും ആകൃതിയും നാരായം നിർമ്മാണത്തിന്റെ സവിശേഷതയാണ്. ആയിരം രൂപയ്ക്ക് മുകളിൽ ഇതിനു വിലവരും. കേരളത്തിൽ ആരും ഇന്ന് നാരായം നിർമ്മിക്കുന്നില്ല. വിദ്യാരംഭത്തിന് ആയിരങ്ങൾ എത്തുന്ന ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനു സമീപത്താണ് സ്വാമിനാഥൻ താമസിക്കുന്നത്. വിഗ്രഹങ്ങളും നാരായം പ്രദർശത്തിനൊരുക്കിയ തിരുച്ചിത്രകൂടം ശിൽപ്പശാല എന്ന സ്ഥാപനം വീടിനോട് ചേർന്നുണ്ട്. കൊടുങ്ങല്ലൂർ തമ്പുരാൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ക്ഷേത്രപാലൻ നിർമ്മാണത്തിന് തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തു നിന്നും കൊണ്ടുവന്ന തമിഴ് വിശ്വകർമ്മജൻ ആചാര്യ പരമ്പരയിൽപ്പെട്ടതാണ് വിശ്വനാഥന്റെ കുടുംബം. മുത്തച്ഛൻ കുഞ്ചൻ ആചാര്യയിൽ നിന്നാണ് ചെറുപ്പത്തിൽ വിഗ്രഹ നിർമ്മാണം പഠിച്ചത്. കോവൈ കൃഷ്ണമൂർത്തി ആചാരി, കൊടകര സുബ്രഹ്മണ്യ ആചാരി എന്നിവർ ഗുരുക്കന്മാരാണ്.
. പണ്ടുകാലത്ത് കുടുംബത്തിന് ഒരു നാരായം ഉണ്ടാകും ഇത് വീട്ടിലെ ശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കും. അടുത്ത തലമുറയിൽപ്പെട്ടവർക്ക് വീണ്ടും ഉപയോഗിക്കുകയാണ് പഴയകാലത്തെ രീതി
കെ. സ്വാമിനാഥൻ