കോതമംഗലം: പള്ളികൾ പിടിച്ചെടുക്കുന്നത് തടയുമെന്ന പ്രതിജ്ഞയുമായി കോതമംഗലം ചെറിയ പള്ളിക്കുമുമ്പിലെ കൽക്കുരിശിൽ ആലാത്തുകെട്ടി (വടം) പ്രതിജ്ഞചൊല്ലി ആയിരക്കണക്കിന് യാക്കോബായ വിശ്വാസികൾ രണ്ടാം കൂനൻകുരിശ് സത്യത്തിൽ പങ്കെടുത്തു. വൈകിട്ട് മൂന്ന് മണിയോടെ പള്ളിപ്പരിസരവും പ്രധാന റോഡുകളും മലങ്കര സഭയുടെ വിവിധ മേഖലകളിൽ നിന്നും എത്തിച്ചേർന്ന വിശ്വാസികളെക്കൊണ്ട് തിങ്ങിനിറഞ്ഞു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗ്രോറിയോസ് വിശ്വാസ പ്രഖ്യാപന പ്രതിജ്ഞചൊല്ലിക്കൊടുത്തപ്പോൾ കിലോമീറ്ററോളം കനത്ത മഴയെ വകവെയ്ക്കാതെ വിശ്വാസികൾ വടത്തിൽപിടിച്ച് ആവേശത്തോടെ പ്രതിജ്ഞ ഏറ്റുചൊല്ലി.
സഭയിലെ മെത്രാപ്പൊലീത്തമാരായ ഏലിയാസ് അത്താനാസിയോസ്, ഐസക്ക് ഒസ്താത്തിയോസ്, മാത്യൂസ് അപ്രേം , ഗീവർഗീസ് ബർന്നബാസ്, ഏലിയാസ് യൂലിയോസ്, പൗലോസ് ഐറിനേയോസ്, കുര്യാക്കോസ് ക്ലീമീസ് , കുര്യാക്കോസ് ദീയസ്‌ക്കോസ്, മാത്യൂസ് ഇവാനിയോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. സ്ലീബ വട്ടവേലി, സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ്, എം എൽ എ മാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, മറ്റ് സാമൂഹിക സാംസ്‌കാരിക നായകൻമാർ, കോർ എപ്പിസ്‌കോപ്പ വൈദികർ, കന്യാസ്ത്രീകൾ തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിയിൽ ചികിത്സയിലായ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയുടെ കല്പന മെത്രാപ്പൊലീത്തൻ ട്രസ്റ്റി വായിച്ചു.