# സംഘാടകർ കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനും
മൂവാറ്റുപുഴ: കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനും ചേർന്നൊരുക്കുന്ന വിദ്യാരംഭ ചടങ്ങ് മൂവാറ്റുപുഴ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിൽ നാളെ രാവിലെ നടക്കും. വിദ്യാരംഭത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ നാളെ പുലർച്ചെ ആരംഭിക്കും. രാവിലെ 9 ന് വിദ്യാരംഭം കുറിക്കുന്നതിനുള്ള ചടങ്ങുകൾ തുടങ്ങും. ക്ഷേത്രം മേൽശാന്തി ബിജുശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.
കേരള സാഹിത്യഅക്കാഡമി മുൻ സെക്രട്ടറിയും എഴുത്തുകാരനുമായ പായിപ്ര രാധാകൃഷ്ണൻ, പി.എസ്.സി മെമ്പർ ഡോ. കെ.പി. സജിലാൽ എന്നീ ആചാര്യന്മാർ തേനിൽമുക്കിയ സ്വർണംകൊണ്ട് കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിക്കും. വിദ്യാരംഭത്തിന് എത്തുന്ന കുട്ടികൾക്ക് വിശിഷ്ട കദളിഫല നിവേദ്യപ്രസാദം നൽകും. മുതിർന്നവർക്ക് എഴുതാനും സംഗീതോപാസന നടത്തുവാനും ചിത്രരചനയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിന് മുന്നോടിയായി ദേവീസന്നിധിയിൽ വിശേഷാൽപൂജ നടക്കും.
ഇന്ന് മഹാനവമി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. നാളെ നടക്കുന്ന വിജയദശമി, പൂജയെടുപ്പ്, വിദ്യാരംഭം ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ, ബോർഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ, അഡ്വ. എൻ. രമേശ് എന്നിവർ നേതൃത്വം നൽകും.
വിദ്യാരംഭചടങ്ങുകളിൽ റോയൽ ബ്രിട്ടീഷ് അക്കാഡമി മൂവാറ്റുപുഴ, അഹല്യ കണ്ണാശുപത്രി മൂവാറ്റുപുഴ, പ്രിയ ബേക്കറി മൂവാറ്റുപുഴ, നിഥിൻ ടെക്‌സ് റ്റൈൽസ് മൂവാറ്റുപുഴ, അമൃത കുടിവെള്ള കമ്പനി, മേജർ ബേക്കറി മൂവാറ്റുപുഴ എന്നീസ്ഥാപന ഉടമകളും ഷാജി തേക്കിലക്കാടനും സംബന്ധിക്കും.