കൊച്ചി: ഐ.എം.എ ബ്ലഡ്ബാങ്കിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1 മുതൽ സംഘടിപ്പിച്ച ദേശീയ രക്തദാന വാരാചരണം ഇന്ന് സമാപിക്കും. രക്തദാനത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനാണ് കൊച്ചി ഐ.എം.എ ബ്ലഡ്ബാങ്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. വളർന്നു വരുന്ന യുവതലമുറയിൽ രക്തദാനത്തിന്റെ മൂല്യവും സുരക്ഷയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂൾ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്കായി സുരക്ഷിതമായ രക്തദാനം എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചിരുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയവർക്ക് ഇന്ന് എറണാകുളം ഐ.എം.എ ബ്ലഡ്ബാങ്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും. ഈ കാലഘട്ടത്തിൽ രക്തദാനത്തിന് മടി കൂടാതെ കൂടുതൽ പേർ മുന്നോട്ട് വരുന്നതിലൂടെ ഒത്തിരി ജീവനുകൾ രക്ഷിക്കാൻ സാധിക്കുന്നുണ്ടെന്ന് ഐ.എം.എ സ്‌റ്റേറ്റ് പ്രസിഡന്റും ബ്ലഡ്ബാങ്ക് മെഡിക്കൽ ഓഫീസറുമായ ഡോ. എബ്രഹാം വർഗീസ് എന്നിവർ പറഞ്ഞു.