കൊച്ചി: കൊച്ചി കേന്ദ്രമായ ചലച്ചിത്രകൂട്ടായ്മ ചലച്ചിത്രമലയാളം വിദ്യാരംഭ നാളിൽ പുതുസംവിധായകർക്ക് ഗുരുപ്രസാദം നൽകുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു. ചലച്ചിത്ര രംഗത്തെ പുതുതലമുറയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘം സംവിധായകർക്ക് ഗുരുസാന്നിദ്ധ്യമായ കെ.ജി. ജോർജും ജോഷിയും മോഹനും ഫലകങ്ങൾ നൽകി അനുഗ്രഹിക്കും. റെഡിൽ ട്രൈസ്റ്റാർ പ്രസിഡൻസി കോംപ്ളക്സ് ലോബിയിൽ 8ന് രാവിലെ പതിനൊന്നിനാണ് ചടങ്ങ്. ജോൺപോൾ കൺവീനറും ബാബു മേത്തർ, ജോളി ജോസഫ്, ജോൺസൺ സി.എബ്രഹാം, പി.ജെ ചെറിയാൻ, ജോളി പവേലിൽ, രഞ്ജിത്ത് സാനു എന്നിവർ അംഗങ്ങളുമായ അഡ്ഹോക്ക് കമ്മിറ്റിയാണ് ചലച്ചിത്രമലയാളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.