ali

കൊച്ചി: എന്തുകൊണ്ട് ഈ പാർസൽ ചെന്നൈയിൽ നിന്ന് അയച്ചില്ല...?​ എറണാകുളത്തെ വേൾഡ് വൈഡ് എയർ കാർഗോ ഉടമയ്ക്ക് തോന്നിയ സംശയത്തിൽ നിന്നാണ് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും വലയ ലഹരിവേട്ടയ്ക്ക് കൊച്ചി സാക്ഷിയായത്. ഒരു ഡസനോളം പെട്ടികളാണ് മലേഷ്യയ്ക്ക് കടത്താൻ എറണാകുളത്തെ എയർ കാർഗോയിൽ എത്തിയത്. ചെന്നൈയിൽ നിന്ന് നേരിട്ട് അയയ്ക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്ക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ കൊറിയർ ഉടമ വിവരം എക്‌സൈസിൽ അറിയിക്കുകയായിരുന്നു. മലേഷ്യയിലെ അഡ്രസും കൊറിയർ ചാർജും ഇവർ നൽകിയതുമില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീരാഗ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിലെത്തി, കണ്ണൂർ സ്വദേശിയും കേസിലെ കൂട്ടുപത്രിയുമായ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ മുഖ്യപ്രതി അബ്ദുൾ റഹ്മാൻ എന്ന അലിയെ എക്സൈസ് പൊക്കിയത്.

കമ്മിഷൻ അലി സ്വർണമാക്കും
കോടികളുടെ ലഹരി വിദേശരാജ്യങ്ങളിൽ (ഗൾഫ് രാജ്യങ്ങൾ, മലേഷ്യ) എത്തിച്ചാൽ നിശ്ചിത ശതമാനം തുക അലിക്ക് ലഭിക്കും. ഈ തുക ഉപയോഗിച്ച് സ്വർണം വാങ്ങി ഇന്ത്യയിൽ എത്തിക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഇരട്ടി ലാഭമായതുകൊണ്ടാണത്രെ ഇങ്ങനെ ചെയ്യുന്നത്. അലി നിരവധി തവണ വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ആർക്കാണ് ലഹരി കൈമാറിയിരുന്നത്, കമ്മിഷൻ തുക എത്ര, എത്ര തവണ ലഹരി കടത്തി തുടങ്ങിയ ചോദ്യങ്ങളോട് അലി ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. ലഹരിക്കടത്തിലൂടെ താൻ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും വെറും കാരിയർ മാത്രമാണെന്നുമാണ് അലി എക്‌സൈസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, അന്വേഷണ സംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ലഹരിക്കടത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് നിഗമനം. അലിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്‌സൈസ് ഉദ്ദേശിക്കുന്നത്.

ഭായിയും ദുബായി മലയാളിയും

'ഭായ്' എന്ന് വിളിക്കുന്ന മലയാളിയാണ് വൻതോതിലുള്ള ലഹരിക്കടത്തിന്റെ തലവനെന്ന് എക്‌സൈസ് സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇയാൾക്ക് സാമ്പത്തികസഹായം നൽകുന്നത് ദുബായിലുള്ള ഒരു മലയാളിയാണ്. വിദേശത്ത് നിന്ന് മൊബൈൽഫോൺ വഴിയാണ് ഇവർ ലഹരി ബിസിനസ് നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിൽ എത്തിയശേഷം മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് 'ഭായി'ക്ക് അയയ്ക്കണമെന്നും കുറച്ചുകഴിഞ്ഞാൽ, കുവൈത്തിലേക്ക് പോകുന്നയാൾ തങ്ങളുടെ അടുത്തെത്തി ബാഗ് കൈപ്പറ്റുമെന്നുമായിരുന്നു 30 കോടിയുടെ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴി. ഭായി ആരെന്നും ഇയാൾക്ക് പിന്നിലുള്ള മലയാളി അരെന്നും കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അതേസമയം, 'ഭായ്' എന്നറിയപ്പെട്ടുന്ന രാസലഹരി കടത്ത് സംഘത്തലവൻ അറസ്റ്റിലായ അലിയാണോ എന്ന് നേരത്തെ അന്വേഷണ സംഘം സംശയിച്ചിരുന്നു. ഇക്കാര്യങ്ങളടക്കമുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

എല്ലാ വ്യാജം

ചെന്നൈയിലെ പർവീൺ ട്രാവൽസ് വഴി എഗ്മൂറിൽനിന്നും രവിപുരത്തെ ഗോഡൗണിലേക്ക് സാരികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ എത്തിച്ച് കടത്താനുള്ള ശ്രമം പാളിയതോടെയാണ് ലഹരിക്കടത്ത് സംഘത്തിന്റെ ശനിദിശ തുടങ്ങിയത്. അന്വേഷണം ഊർജിതമാക്കിയ എക്സൈസ് ചെന്നൈയിലടക്കം പരിശോധന നടത്തി. ഈ അന്വേഷണത്തിലാണ് പ്രശാന്ത് പിടിയിലായത്. തുണിത്തരങ്ങളുടെ ബിസിനസാണെന്നാണ് അറസ്റ്റിലായ ഷെരീഫ് പൊലീസിന് മൊഴി നൽകിയത്. തുടർന്ന് എക്‌സൈസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വ്യാജ എക്‌സ്‌‌പോർട്ടിംഗ് ബില്ലിന്റെ മറവിലാണ് ഇവരുടെ കടത്തെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. ജെ.ആർ.ആർ എന്ന കമ്പനിയുടെ പേരിലാണ് കൊച്ചിയിലേക്ക് ലഹരി മരുന്നുകൾ ഒളിപ്പിച്ച പെട്ടികൾ എത്തിയത്. എന്നാൽ, ചെന്നൈയിൽ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരു എക്‌സ്‌‌പോർട്ടിംഗ് സ്ഥാപനം കണ്ടെത്താനായില്ല. ജെ.ആർ.ആർ എക്‌സ്‌‌പോർട്ടിംഗ് കമ്പനിയുടെ മേൽവിലാസത്തിൽ പ്രവർത്തിക്കുന്നത് ഒരു ചെറിയ തുണിക്കടയായിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളിൽ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് നിരവധിതവണ ലഹരി കയറ്റി അയച്ചിട്ടുണ്ടെന്ന സുപ്രധാന വിവരങ്ങൾ കണ്ടെത്തി. ഇതെല്ലാം വ്യാജ എക്സ്‌‌പോർട്ട് ലൈസൻസിന്റെ മറവിലായിരുന്നു.