തൃപ്പൂണിത്തുറ : കേരളത്തിന്റെ തപാൽചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഉദയംപേരൂർ അഞ്ചലാപ്പീസ് മന്ദിരം ഏതു നിമിഷവുംവിസ്മൃതിയിലേക്ക് മറയാം.
രാജഭരണകാലത്ത് സംസ്ഥാനത്തുണ്ടായിരുന്ന അഞ്ചൽ ആപ്പീസുകളിൽ ജീർണാവസ്ഥയിലെങ്കിലും ഇനി അവശേഷിക്കുന്ന ഉദയംപേരൂരിലേത് മാത്രമാണ്.
അടുത്ത വർഷം ഈ ചരിത്ര സ്മാരകം ഉണ്ടാകുമോ എന്ന്കണ്ടറിയണം. ഏതു നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് ചെറുമന്ദിരം.
ഒരു തപാൽ ദിനവും കൂടി ഇന്ന് കടന്നു പോകുമ്പോൾ അവഗണനയുടെ ഭാരവും പാേറി നിൽക്കുകയാണ് ഈ കെട്ടിടം.
ഇന്ന് ലോക പോസ്റ്റൽ ദിനവും നാളെ ഇന്ത്യൻ പോസ്റ്റൽ ദിനവുമാണ്.
തിരുവിതാംകൂർ രാജ്യത്തിലെ പുരാതനമായ അഞ്ചൽ മുദ്ര ,അളവ് തൂക്ക് ഉപകരണങ്ങൾ ,തേക്കിൻ തടിയിലും ഉരുക്ക് പാളയിലും നിർമ്മിച്ച അഞ്ചൽ പെട്ടികൾ, അഞ്ചൽ ഓട്ടക്കാർ ഉപയോഗിച്ചിരുന്ന അധികാര വടി, മണി തുടങ്ങിയവ ഇവിടെ ഉണ്ടായിരുന്നു. ഇവയൊക്കെ എവിടെപ്പോയെന്ന് ഇപ്പോൾ ആർക്കും അറിയില്ല.
2008ൽ കേന്ദ്ര പുരാവസ്തു വകുപ്പ് മന്ദിരം സംരക്ഷിക്കാനായി വിട്ടു തരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങൾ തന്നെ സംരക്ഷിച്ചുകൊള്ളാമെന്ന നിലപാടെടുക്കുകയായിരുന്നു തപാൽ വകുപ്പ്. സംസ്ഥാന പുരാവസ്തുവകുപ്പും ഇതിനായി ഇടപെട്ടിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കഴുക്കോൽ ഒടിഞ്ഞും ഭിത്തികൾ കുതിർന്ന് വിണ്ട് കീറിയും ഓടുകൾ പൊട്ടിചോർന്ന് ഒലിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് അഞ്ചലാപ്പീസ്.
തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായ ഉദയംപേരൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ നേരെ മുന്നിലാണ് അഞ്ചലാപ്പീസ്. ഉദയംപേരൂർ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് അഞ്ചലാപ്പീസ് വളപ്പിൽ തന്നെ. പോസ്റ്റ് ഓഫീസിന്റെ പിന്നിലാണ് കാടുകയറിയ അഞ്ചലാപ്പീസ് മന്ദിരം.
1729 തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സ്ഥാപിച്ച 90 അഞ്ചൽ ആപ്പീസുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഉദയംപേരൂരിലേത്. 1860 ഈ സൗകര്യം സാധാരണ ജനങ്ങൾക്ക് കൂടി പ്രാപ്യമായി.
രണ്ട് അഞ്ചലോട്ടക്കാരും രണ്ട് ഗുമസ്തൻമാരും പോസ്റ്റ് മാസ്റ്ററുടെ സ്ഥാനത്തെ മേൽവിചാരിപ്പുകാരനുമായിരുന്നു ജീവനക്കാർ. ഇന്ത്യൻ പോസ്റ്റൽ വകുപ്പ് നിലവിൽ വന്ന1950ൽ അഞ്ചലാഫീസ് നിർത്തലാക്കി. അറ്റത്ത് മണി കെട്ടിയ അധികാരവടിയുമായി സന്ദേശങ്ങൾ കൈമാറാൻ നാട് മുഴുവൻ ഓടി നടന്ന നെടുമ്പിള്ളി കൃഷ്ണമാരാർ ആയിരുന്നു അവസാനത്തെ അഞ്ചലോട്ടക്കാരൻ.