മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെകുടുംബശ്രീ യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് എൽ.ഇ.ഡി നിർമ്മാണത്തിലും സർവ്വീസിംഗിലും പരിശീലനം നൽകി. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം. ഒരു എൽ.ഇ .ഡി ബൾബിൽ സർക്യൂട്ട്, പ്ലേറ്റ്, എൽ.ഇ.ഡി, കേസ് എന്നിവയാണുള്ളത്. സർക്യൂട്ടിനോ, പ്ലേറ്റിനോ, രണ്ടിനും കൂടിയോ തകരാർ സംഭവിക്കുമ്പോൾ ബൾബ് കേടാകുന്നു. ഈ രണ്ട് ഭാഗങ്ങൾ മാറ്റി വച്ചാൽ ഉപയോഗശൂന്യമായ എൽ.ഇ. ഡി ബൾബിനെ ഉപയോഗപ്രദമാക്കാം. ഉപയോഗ ശൂന്യമായ ബൾബുകൾ പരമാവധി ശേഖരിച്ച് അവയിൽ കഴിയാവുന്നിടത്തോളം നന്നാക്കി നൽകാനാണ് വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരുടെയും ലക്ഷ്യം. ഇ-വെയ്സ്റ്റുകളുടെ അളവ് കുറയ്ക്കുവാനും കഴിയും. ഗ്രാമപഞ്ചായത്തംഗം ബാബു തട്ടാർ കുന്നേൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഹേമ സനൽ അദ്ധ്യക്ഷത വഹിച്ചു. സ്നേഹിത കൗൺസിലർ കവിത ഗോവിന്ദ് വിവിധ വായ്പകളെക്കുറിച്ച് വിശദീകരിച്ചു കെ.എം.ജയൻ ക്ലാസുകൾക്ക് നേത്യത്വം നൽകി, സമീർ സിദ്ദീഖി, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, സി.ഡി.എസ് മെമ്പർ അന്നമ്മ മത്തായി തുടങ്ങിയവർ പങ്കെടുത്തു.