വൈപ്പിൻ: വൈപ്പിൻകരയിലെ വിവിധ ക്ഷേത്രങ്ങളിൽ വിജയദശമി ദിനമായ ഇന്നലെ രാവിലെ നടന്ന വിദ്യാരംഭച്ചടങ്ങുകളിൽ ഒട്ടേറെ കുരുന്നുകളെത്തി.
ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രത്തിൽ മേൽശാന്തി എം.ജി. രാമചന്ദ്രൻ വിദ്യാരംഭച്ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ക്ഷേത്രാങ്കണത്തിലെ നൃത്തസംഗീത അക്കാദമി ഹാളിൽ നൃത്തം, സംഗീതം, വയലിൻ, ചിത്രരചന, ഗിത്താർ ക്ലാസുകളിലേക്ക് വിദ്യാരംഭം നടത്തി. വൈകീട്ട് അക്കാദമിയുടെ 11-ാം വാർഷികം സഭ പ്രസിഡണ്ട് ഇ.കെ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എ. മുരുകാനന്ദൻ, സ്‌കൂൾ മാനേജർ അഡ്വ. എൻ.എസ്. അജയ്, സുധീഷ് കുളങ്ങര, പി.കെ. ഗോപി, പി.സി. വാസു, എമി ഗിരീഷ്, ബാബു എന്നിവർ പ്രസംഗിച്ചു.
ചെറായി തിരുമനാംകുന്നിൽ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് മേൽശാന്തി അനിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഭൂവനേശ്വരി ദേവിക്കും ഭദ്രകാളിക്കും പൂമൂടൽ നടത്തി. ചടങ്ങുകൾക്ക് സഭാ പ്രസിഡണ്ട് എം.എൽ. അരവിന്ദാക്ഷൻ, സെക്രട്ടറി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖ വക വാരിശ്ശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ അഭയ് ശാന്തിയുടെ കാർമ്മികത്വത്തിൽ പൂജയെടുപ്പും വിദ്യാരംഭവും നടത്തി. തുടർന്ന് ഭക്തർക്ക് കഷായ പ്രസാദം നൽകി.
നായരമ്പലം കൊച്ചമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സരസ്വതിപൂജ, വിദ്യാരംഭം എന്നിവ നടന്നു. നായരമ്പലം ശ്രീ മുരുക നൃത്ത വിദ്യാലയത്തിൽ നവരാത്രി ആഘോഷം കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്തു. വിദ്യാലയം പ്രസിഡണ്ട് ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ വേണു, എസ്.എസ്.വി. സഭ പ്രസിഡണ്ട് രഞ്ജിത്ത്, എം.കെ. സുകുമാരൻ, ടി.എൻ. ജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം നടത്തി.
കൊച്ചിൻ സ്വരധാര സ്‌കൂൾ ആർട്‌സ് ചെറായിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭത്തിന്റെ ഉദ്ഘാടനം കെ.കെ. അബ്ദുൾ റഹിമാൻ നിർവഹിച്ചു. വർഗീസ് കൈതാരൻ, ആർ.എൽ.വി. ഹേമലത, ആർ.എൽ.വി. ചൈത്ര, ബാലസുബ്രഹ്മണ്യൻ, ആർട്ടിസ്റ്റ് മണി, പോളി കൈതാരൻ, സുഭാഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഞാറക്കൽ ബാലഭദ്ര ഭഗവതി ക്ഷേത്രം, ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രം, അയ്യമ്പിള്ളി പഴമ്പിള്ളി ഭഗവതി ക്ഷേത്രം, അയ്യമ്പിള്ളി മഹാദേവക്ഷേത്രം, ഓച്ചന്തുരുത്ത് ദണ്ഡപാണിക്ഷേത്രം, അഴീക്കൽ മല്ലികാർജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകളുണ്ടായിരുന്നു.