കോലഞ്ചേരി: ഉള്ളികളിൽ കേമൻ വെളുത്തുള്ളി, സവാളയെ കടത്തി വെട്ടി കിലോ വില 240ലേയ്ക്ക് . സവാള വില കുറഞ്ഞ് 50 ലെത്തി. ചെറിയ ഉള്ളിയും മത്സര രംഗത്ത് വില 70. ഒരാഴ്ച മുമ്പു വരെ 170- 180 രൂപ കിലോയ്ക്ക് വിറ്റിരുന്നതാണ് ,പെട്ടെന്നാണ് സവാള വിലയ്ക്കൊപ്പം മത്സരം തുടങ്ങിയത്. എന്നാൽ സവാള വില കുറഞ്ഞപ്പോൾ വെളുത്തുള്ളി മത്സരം തുടരുകയാണ്. ഇടുക്കി മറയൂരിലെ പ്രധാനപ്പെട്ട കാർഷിക ഉൽപന്നമാണ് വെളുത്തുള്ളി. രണ്ടു വർഷമായുള്ള വരൾച്ച മൂലം കൃഷി തകർന്നതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഓണത്തിനു തൊട്ടു മുമ്പായിരുന്നു വിളവെടുപ്പ്. കാന്തല്ലൂർ, നാരാച്ചി, പെരുമല, പുത്തൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി.

മറയൂരിൽഒരു ഹെക്ടർ തോട്ടത്തിൽ 25 ക്വിന്റൽ മുതൽ 40 ക്വിന്റൽ വരെ വിളവ് ലഭിക്കും. ഇത്തവണ 10 ക്വിന്റൽ കഷ്ടിയാണ് കിട്ടിയത്.

ഇൻഹേലിയം,റെഡ് ഇൻഹേലിയം എന്നിവയാണ് കാന്തല്ലൂരിൽ കൃഷി ചെയ്യുന്ന വെളുത്തുള്ളി ഇനങ്ങൾ. പരമ്പരാഗത ഇനങ്ങൾക്ക് തൈലത്തിന്റെ അളവും കേടുകൂടാതെ ഇരിക്കുന്ന കാലയളവും കൂടുതലാണ്. അതു കൊണ്ടു തന്നെ മറയൂർ വെളുത്തുള്ളി വില കൂടുതലാണ്, ഇത്ര വില വർദ്ധനവ് സമീപ കാലത്തുണ്ടായിട്ടില്ല. ഇനിയും വില വർദ്ധിക്കുമെന്നാണ് സൂചകളെന്നും പട്ടിമറ്റത്ത് പച്ചക്കറി മൊത്ത വ്യാപാരിയായ എ.എം.ബി വെജിറ്റബിൾ മാർട്ടിലെ എ.എം ബഷീർ പറഞ്ഞു.