നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രണ്ട് കോടി രൂപയിലേറെ വിലവരുന്ന മയക്കുമരുന്നുമായി തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ പിടിയിലായി.
ചെന്നൈ മന്നാടി അംഗപ്പൻ സ്ട്രീറ്റിൽ അബ്ദുൾ റസാക്ക്, മുഹമ്മദ് അസ്രത്ത്, രാമനാഥപുരം കിലാക്കരൈ അതുരുധൻ സ്ട്രീറ്റിൽ മുഹമ്മദ് അഫീൻ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് സി.ഐ.എസ്.എഫ് 820 ഗ്രാം മെത്താംഫീറ്റമിനും പിടിച്ചെടുത്തു. എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപൂരിലേക്ക് പോകാനെത്തിയ അബ്ദുൾ റസാക്കിന്റെ അടിവസ്ത്രത്തിൽ 300 ഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് അസ്രത്തും മുഹമ്മദ് അഫീനും ദോഹയിലേക്കുള്ള വിമാനത്തിൽ കയറിയതും കണ്ടെത്തി. പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഇവർ പിടിയിലായത്. ഇവരുടെ അടിവസ്ത്രത്തിൽ 300, 220 ഗ്രാം വീതം മയക്കുമരുന്നുണ്ടായിരുന്നു. പ്രതികളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. ഇവർ അന്തരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് സൂചന. ഇവർക്ക് കൊച്ചിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണമുണ്ടാകും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീൻ ഡയോക്‌സി മെത്താംഫീറ്റമിൻ.