ramesh-monisha
രമേശും മോനിഷയും

ആലുവ: തോട്ടക്കാട്ടുകരയിലെ അപ്പാർട്ട്‌മെന്റിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ കേസിന്റെ അന്വേഷണം, പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിനും തുമ്പുണ്ടാക്കുമെന്ന് സൂചന.

ഫെബ്രുവരി 11ന് മംഗലപ്പുഴ പാലത്തിന് സമീപം പെരിയാറിൽ പുതപ്പിൽ പുതഞ്ഞ് കരിങ്കല്ല് കെട്ടി താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസാണ് പൊലീസ് ഇപ്പോൾ പൊടിതട്ടിയെടുക്കുന്നത്. മൃതദേഹം കണ്ടെടുത്ത ഘട്ടത്തിൽ ഫ്ളാറ്റിൽ മരിച്ച പാലക്കാട് മൊടപ്പല്ലൂർ കുന്നുപറമ്പ് വീട്ടിൽ പരേതനായ രാജന്റെ മകൻ രമേശ് (32), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസ് സതീഷിന്റെ ഭാര്യ മോനിഷ (26) യും മംഗലപ്പുഴ പാലത്തിന് സമീപം മറ്റൊരു വാടക വീട്ടിലായിരുന്നു താമസം. അതിന് ശേഷമാണ് വേഗത്തിൽ ഫ്ളാറ്റിലേക്ക് മാറിയത്. ഇതാണ് പൊലീസിനെ ഈ വഴിക്ക് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്നേ വ്യക്തമായെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല.

മംഗലപ്പുഴ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. 30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിക്ക് വെളുത്തു തടിച്ച ശരീരമായിരുന്നു. ലെഗിൻസും ടീ ഷർട്ടും ധരിച്ചിരുന്ന സ്ത്രീയുടെ വായിൽ തുണി തിരുകിയിരുന്നു. യുവതിയെ തിരിച്ചറിയാൻ സാധിച്ചുമില്ല. വടക്കു കിഴക്കൻ സംസ്ഥാനക്കാരിയാകാൻ സാധ്യതയുണ്ടെന്ന സൂചന മാത്രമാണ് ഉള്ളത്.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറിയതും കേസന്വേഷണം കൂടുതൽ ദുർബലമാക്കി. ഈ കേസിനാണ് ഫ്ളാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പുതുജീവൻ വച്ചത്. കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആലുവ പൊലീസ് എസ്.എച്ച്.ഒ സാംസൺ പറയുന്നത്.