radhakrishnan
ഊരക്കാട് പാലഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകുന്നു

ആലുവ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. ആലുവ ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാസപ്തശതി പുഷ്പാഞ്ജലി നടന്നു. രാവിലെ പൂജയെടുപ്പ് വിദ്യാരംഭം, സമൂഹശ്രീവിദ്യാപൂജ, പ്രസാദവിതരണം എന്നിവയുണ്ടായി. ക്ഷേത്രം മേൽശാന്തി തോട്ടത്തിൽമന രവി നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.
എൻ.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയ്ക്ക് കീഴിലുള്ള ശ്രീശാരദാദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം സമാപിച്ചു. രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടന്നു. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റിഅംഗം സി.പി. ബേബി എന്നിവർ നേതൃത്വം നൽകി. എടയപ്പുറം ശാഖയ്ക്ക് കീഴിലുള്ള കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമാപിച്ചു. വിദ്യാരാജ ഗോപാലമന്ത്രാർച്ചന, മഹാലക്ഷ്മിപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, സരസ്വതിപൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി ബിബിൻരാജ് വാമനശർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖയിൽ പ്രവർത്തിക്കുന്ന നാദശ്രീ സംഗീത വിദ്യാലയത്തിൽ നവരാത്രി സംഗീതോത്സവവും നടന്നു.

വാഴക്കുളം ശാഖയിൽ പങ്കജാക്ഷൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂജവെയ്പ്പ് ചടങ്ങുകൾ നടന്നു. ശാഖ പ്രസിഡന്റ് പി.എൻ. ബാബു, പി.കെ. രാധാകൃഷ്ണൻ, ശാരദ വാഴക്കുളം, എ.ആർ. സുബ്രഹ്മണ്യൻ, സന്തോഷ് വാഴക്കുളം എന്നിവർ നേതൃത്വം നൽകി. ഊരക്കാട് പാലഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകി.