ഇടവക രജിസ്റ്ററുകൾ കീറാമുട്ടി

കോലഞ്ചേരി: സഭാ തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കിയാലും ഇരുപക്ഷത്തെയും കാത്തിരിക്കുന്നത് സങ്കീർണ പ്രശ്‌നങ്ങൾ.

സുപ്രീം കോടതി വിധിയോടെ മലങ്കരയിലെ 1064 പള്ളികളും ചാപ്പലുകളും സ്വത്തുക്കളും തങ്ങളു

ടേതായെന്നാണ് ഓർത്തഡോക്‌സ് സഭയുടെ വാദം. പക്ഷേ ഇവയിലെ ആത്മീയ പ്രവൃത്തികൾക്ക് വൈദികരെ എവിടെ നിന്ന് കിട്ടുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

കോതമംഗലം പള്ളിയടക്കം147 പുരാതന പള്ളികളും അതിന്റെ ചാപ്പലുകളുമടക്കം 250 ഓളം പള്ളികളുള്ള ഏ​റ്റവും വലിയ ഭദ്രാസനമായ അങ്കമാലിയിൽ ഓർത്തഡോക്‌സ് സഭക്ക് 38 വൈദീകരേയുള്ളൂ. വിധി നടപ്പായാൽ ചുരുങ്ങിയത് നാനൂറോളം പേരെ കണ്ടെത്തേണ്ടി വരും.

• ഇരു സഭകൾക്കും ഉള്ളത്ആയിരത്തിലേറെ വൈദികർ. 1934 ഭരണഘടന പ്രകാരം മ​റ്റു സഭകളിൽ നിന്നോ യാക്കോബായ പക്ഷത്ത് നിന്നോ എത്തുന്നവരെ വൈദീകനും മെത്രാനുമായി നിയമിക്കാൻ ഓർത്തഡോക്സ് സഭയ്ക്ക് സാധിക്കില്ല.

ഓർത്തഡോക്‌സ് പുരോഹിതൻ ബിരുദധാരിയാകണം. സ്വഭാവ ശുദ്ധി നിർബന്ധം. സെമിനാരിയിൽ 3 വർഷത്തെ ബിരുദമടക്കം 6 വർഷത്തെ പഠനവും പരിശീലനവും നേടണം. മെത്രാൻ അവർക്ക് പട്ടം കൊടുക്കണം.

സഭക്ക് കോട്ടയം പഴയ സെമിനാരിയും നാഗ്പൂർ സെമിനാരിയുമുണ്ട്. വർഷം തോറും 30 പേർ ഇവിടെ പഠനം പൂർത്തിയാക്കുന്നു. 70 വയസ്സിൽ പുരോഹിത സ്ഥാനത്തു നിന്നും വിരമിക്കുന്നവരുടെ ഒഴിവിലേക്ക് ഇവരെയാണ് നിയമിക്കുക.

യാക്കോബായ വൈദികർ പുറത്ത്

സുപ്രീം കോടതി വിധി പൂർണ്ണമായി നടപ്പാക്കുമ്പോൾ മുഴുവൻ യാക്കോബായ വൈദികർക്കും 3 പേരൊഴികെയുള്ള മെത്രാപ്പോലീത്തമാർക്കും ഇവകാംഗത്വം നിലനിർത്താമെന്നല്ലാതെ പള്ളികളിൽ കർമ്മങ്ങൾ നിർവഹിക്കാൻ വിലക്കുണ്ടാകും. അറുനൂറോളം വൈദികരെ മാ​റ്റി ഓർത്തഡോക്‌സ് സഭ പുതിയവരെ നിയമിക്കേണ്ടിവരും.

ഇരു വിഭാഗത്തിനും സെമിനാരികളിലേക്ക് വൈദിക വിദ്യാർത്ഥികളെ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതും.

• ആവശ്യത്തിന് വൈദികർ തങ്ങൾക്കുണ്ടെന്നാണ് ഓർത്തഡോക്‌സ് സഭയുടെ വാദം. പ്രതിസന്ധിയുണ്ടായാൽ വിരമിച്ചവരേയും പരിഗണിക്കാമെന്നതാണ് സഭ കരുതന്നത്.

ത്രിശങ്കുവിൽ യാക്കോബായക്കാർ

കൈവിട്ടുപോകുന്ന പള്ളികളിലെ വിശ്വാസികൾക്ക് യാക്കോബായ സഭയെയും പഴയ ഭരണ സമിതിയേയും ഒഴിവാക്കി എളുപ്പം ഓർത്തഡോക്‌സ് വിഭാഗത്തിലേക്ക് ചേക്കേറാനുമാവില്ല. കുടുംബാംഗങ്ങളുടെ ജനനം, മാമ്മോദീസ, വിവാഹം, മരണം തുടങ്ങി കുടുംബപരമായതും സഭാപരമായ മുഴുവൻ രേഖകളും യാക്കോബായ പള്ളി ട്രസ്​റ്റിമാരുടെ കൈവശമാണ്. ഇവ ലഭിക്കാതെ സർട്ടിഫിക്ക​റ്റുകൾ കൊടുക്കാൻ കഴിയില്ലെന്ന പ്രതിസന്ധിയുണ്ട്.

ആസ്‌ട്രേലിയ അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും മാമ്മോദീസ രേഖകൾ അവിടെയെത്തുന്നവരോട് ചോദിക്കാറുമുണ്ട്. 1934 ഭരണഘടന പ്രകാരം ഇടവകകൾക്ക് രജിസ്​റ്റർ നിർബ്ബന്ധമാണ്.

497 പള്ളികളിലെ രജിസ്​റ്റർ പൂർണ്ണമായും യാക്കോബായ സഭയുടെ പക്കലാണ്.