കൊച്ചി: വിദ്യാരംഭ ദിനമായ വിജയദശമി നാളിൽ അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ച വച്ച് കുരുന്നുകൾ. ഇന്നലെ ജില്ലയിലെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു.

ക്ഷേത്രങ്ങളിൽ ഇന്നലെ പുലർച്ചെ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. പൂജയ്ക്ക് വച്ച പുസ്തകങ്ങളെടുക്കാനും കൂടി എത്തിയതോടെ ക്ഷേത്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. സംഗീതം, നൃത്തം തുടങ്ങിയ പലവിധ കലാരംഗങ്ങളിലേക്കും കുരുന്നുകൾ വിദ്യാരംഭം കുറിച്ചു.

വോട്ടുപിടിത്തത്തിനിടയിലും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കാൻ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും അവസരമൊരുങ്ങി. ഇന്നലെ വളഞ്ഞമ്പലത്തിൽ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും അപ്രതീക്ഷിതമായി കുഞ്ഞുങ്ങളുടെ നാവിൽ ഹരിശ്രീ എഴുതി. ഇടത് സ്ഥാനാർത്ഥി മനു റോയിക്ക് വേണ്ടി വോട്ടുപിടിക്കാനുള്ള യാത്രയ്ക്കിടയിലായിരുന്നു ഇത്.

ചലച്ചിത്രാരംഭം കുറിച്ച് 12 യുവ സംവിധായകർ

വിദ്യാരംഭത്തിനോടനുബന്ധിച്ച് സിനിമ സംവിധായകരുടെ കൂട്ടായ്മയായ ചലച്ചിത്ര മലയാളം കൊച്ചിയിൽ ആരംഭിച്ചു. മലയാള സിനിമയിലെ പ്രഗത്ഭരായ കെ.ജി ജോർജ്, ജോഷി, ജോൺ പോൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ യുവ സംവിധായകർ തങ്ങളുടെ പുതിയ സിനിമകളുടെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ഈ വർഷവും അടുത്ത വർഷം ആദ്യവുമായി സിനിമ സംവിധാനം ചെയ്യുന്ന 12 സംവിധായകരെയാണ് ചലച്ചിത്രാരംഭത്തിലേക്ക് തിരഞ്ഞെടുത്തത്.

യുവ സംവിധായകരായ ആന്റണി സോണി, സുധി അന്ന, പ്രഭു രാധാകൃഷ്ണൻ, രാജു എബ്രഹാം, ജിജോ ജോസഫ്, ചിദംബരം, പ്രതീഷ് വിജയൻ, തരുൺ ഭാസ്‌കരൻ, സിബി ജോസ് ചാലിശേരി, മധു വാര്യർ, ഗോവിന്ദൻകുട്ടി അടൂർ, ആശ ദാസ് എന്നിവർ കെ.ജി ജോർജ്, ജോഷി, ജോൺ പോൾ എന്നിവരിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി ചലച്ചിത്രാരംഭം കുറിച്ചു. ആദ്യം സിനിമ ചിത്രീകരണം ആരംഭിക്കുന്ന ജിജോ ജോസഫിന് സംവിധായകരായ ജോഷിയും കെ.ജി. ജോർജും ചേർന്ന് ക്ലാപ് ബോർഡ് സമ്മാനിച്ചു. യുവ സംവിധായകനായ ശ്യാംദത്ത്, സിനിമ താരം കൈലാഷ്, ചലചിത്ര മലയാളം കോർഡിനേറ്റർ ജോളി ജോസഫ്, പ്രൊഡ്യൂസർമാരായ ആൽവിൻ ആന്റണി, പ്രേമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.