lavalin-case

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വരുമ്പോഴൊക്കെ അഭിഭാഷകർ ആവശ്യപ്പെട്ട് രണ്ട് വർഷമായി മാറ്റിവയ്പിക്കുന്നതിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും മുഖ്യമന്ത്രിയും ഒളിച്ചു കളിക്കുകയാണോയെന്ന സംശയം ദൂരീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതു സർക്കാരിനെതിരെ ഓരോ ദിവസവും പുതിയ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിയിടപാടിൽ കോടിയേരി ബാലകൃഷ്‌ണനും മകനുമായി മുംബയിലെ ഒരു വ്യവസായി ഇടപാടു നടത്തിയെന്ന്‌ മാണി സി. കാപ്പൻ സി.ബി.ഐക്കു മൊഴി നൽകി.

ആയിരം കോടി രൂപയുടെ ട്രാൻസ്‌ഗ്രിഡ് അഴിമതിയും വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകന്റെ സ്ഥാപനത്തിന് കെ.എസ്.ഇ.ബിയുടെ ഭൂമി നൽകാൻ തീരുമാനിച്ചതും ഇവയിൽ ചിലതാണ്. ഇവയിലൊക്കെ സമഗ്ര അന്വേഷണം വേണം. കണ്ണൂർ എയർപോർട്ടിന്റെ കണക്കുകൾ പരിശോധിക്കാൻ സി.എ.ജിയെ അനുവദിക്കണം.

സി.പി.എമ്മും ബി.ജെ.പിയിലെ ഒരു വിഭാഗവും തമ്മിൽ വോട്ടു കച്ചവടം നടത്തിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ മറുപടി പറഞ്ഞിട്ടില്ല. വി.എം. സുധീരനെ ആക്ഷേപിക്കുന്നത് മുഴുവൻ കോൺഗ്രസുകാരെയും അപമാനിക്കുന്നതിന് തുല്യമാണ്. വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും മുല്ലപ്പള്ളി പറഞ്ഞു.