roadwork
അമ്പലംപടി-വീട്ടൂര്‍ റോഡിന്റെ മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിര്‍മ്മാണം ആരംഭിച്ചപ്പോള്‍........

. മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ അമ്പലംപടി വീട്ടൂർ റോഡിന്റെ മുളവൂർ ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാലവർഷം ആരംഭിച്ചതോടെ റോഡിന്റെ നിർമ്മാണം വൈകുകയായിരുന്നു. കീച്ചേരിപ്പടി ഇരമല്ലൂർ റോഡിലെ നിരപ്പ് തൈക്കാവും പടിയിൽ നിന്നും ആരംഭിച്ച് ഈസ്റ്റ് മുളവൂർ തൈക്കാവുംപടിയിൽ അവസാനിക്കുന്ന മൂന്ന് കിലോമീറ്റർ വരുന്ന റോഡാണ് ബിഎം ബിസി നിലവാരത്തിൽ ടാർചെയ്യുന്നത്. അഞ്ചര മീറ്റർ വീതിയിൽ ടാറിംഗും, കലങ്കുകളും, ഓടകളും മറ്റും നിർമിച്ച് മനോഹരമാക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.റോഡിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.50കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. റോഡിന്റെ ലെവൽസ് കണക്കാക്കുന്നതിനും മറ്റുമുള്ള സർവ്വേ നടപടികൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർനേരത്തെ പൂർത്തിയാക്കിയിരുന്നു. പായിപ്ര പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, 11, 12, 17,18 വാർഡുകളിലൂടെ കടന്ന് പോകുന്ന പ്രധാന റോഡുകളിലൊന്നാണിത്. മുളവൂർ പ്രദേശവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ പേഴയ്ക്കാപ്പിള്ളിയിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ഉപകരിക്കുന്ന പ്രധാന റോഡായ അമ്പലംപടിവീട്ടൂർ റോഡ് നവീകരിക്കണമെന്ന ആവശ്യംശക്തമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡും മുളവൂർ തോടിന് കുറുകെയുള്ള വടമുക്ക് പാലത്തിന്റേയും നിർമ്മാണവും പൂർത്തിയാക്കിയെങ്കിലും വേണ്ടത്ര ഓടകളോ, കലുങ്കുകളോ ഇല്ലാത്തത് പലസ്ഥലങ്ങളിലും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. കാലപഴക്കത്താൽ പലസ്ഥലങ്ങളിലും റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു . കനത്ത മഴയെ തുടർന്ന് റോഡിന്റെ വടമുക്ക് പാലത്തിന്റെ സമീപം സംരക്ഷണ ഭിത്തിയിടിഞ്ഞപ്പോൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 12ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെ മുളവൂർ പൊന്നിരിക്കപറമ്പ് മുതൽ പള്ളിപടിവരെയുള്ള ഭാഗവുംഎട്ട് ലക്ഷം രൂപ മുടക്കി ടാറിംഗ് നടത്തിയിരുന്നു. രണ്ട് വർഷം മുമ്പ് റോഡ് ബി.എം.ബിസി നിലവാരത്തിൽ ടാർചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും

നടന്നില്ല.


റോഡ് നവീകരണത്തിന് 2.50 കോടി

അഞ്ചര മീറ്റർ വീതിയിൽ ടാറിംഗ് നടത്തും,

കലങ്കുകളും, ഓടകളും നിർമിച്ച് മനോഹരമാക്കും