intuc
യുവതിയുടെ മർദ്ദനമേറ്റ റിങ്കുവിനെ ഐ.എൻ.ടി.യു.സി നേതാക്കൾ സന്ദർശിച്ചപ്പോൾ

ആലുവ: സ്വകാര്യ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ അകാരണമായി മർദിച്ച കേസിൽ പ്രതിയായ യുവതി പൊലീസിൽ കീഴടങ്ങിയില്ല. ഇന്നലെ രാവിലെ ആലുവ സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയില്ല.

ഒക്ടോബർ ഒന്നിനാണ് ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കുവിനെ (26) കളമശേരി കുസാറ്റ് അനന്യ കോളേജ് ഹോസ്റ്റൽ വാർഡനായ കണ്ണൂർ സ്വദേശിനിയായയുവതി മർദ്ദിച്ചത്. യുവതിക്കെതിരെ അകാരണമായി മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ സ്റ്റേഷനിൽ ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേനയാണ് യുവതി പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരം വരെ സ്റ്റേഷനിൽ എത്തിയില്ലെന്ന് എസ്.ഐ സാംസൺ പറഞ്ഞു.

ആശുപത്രിയിലെത്തിയ യുവതി സ്‌കൂട്ടർ വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻസൗകര്യമുള്ള സ്ഥലത്ത് പാർക്ക് ചെയ്തതിനാൽ മാറ്റിവെപ്പിച്ചു. പിന്നീട് അശ്രദ്ധയോടെ സ്‌കൂട്ടർ പുറത്തേക്കെടുത്തെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. ആശുപത്രിയുടെ സി.സി. ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ വൈറലായതോടെ പൊലീസ് യുവതിക്കെതിരെ കേസെടുത്തു.

മുഖത്തേക്ക് തുറിച്ച് നോക്കിയെന്ന് പ്രചരിപ്പിച്ച് യുവാവിനെ കുടുക്കാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല.

അകാരണമായി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. റിങ്കുവിനെ സന്ദർശിച്ച നേതാക്കൾ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, കെ.പി. സിയാദ്, വിനോദ് ജോസ്, പോളി ഫ്രാൻസിസ് തുടങ്ങിയവരാണ് റിങ്കുവിനെ സന്ദർശിച്ചത്.