കൊച്ചി: യുവതലമുറയിൽ രക്തദാനത്തിന്റെ മൂല്യവും സുരക്ഷയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികൾക്കായി സുരക്ഷിതമായ രക്തദാനം എന്ന വിഷയത്തിൽ ഐ.എം.എ ബ്ലഡ്ബാങ്ക് സംസ്ഥാന തല ഉപന്യാസ മത്സരം സംഘടിപ്പിച്ചു. പൂത്തോട്ട എസ്.എസ് കോളേജിലെ ഗ്രീഷ്മ എം. ഷാജൻ ഒന്നാം സ്ഥാനവും ലിസി കോളേജ് ഒഫ് ഫാർമസിയിലെ ശരണ്യ സുരേഷ് രണ്ടാംസ്ഥാനവും ഇടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ അർഷിത നൂർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഐ.എം.എ ബ്ലഡ്ബാങ്കിൽ സംഘടിപ്പിച്ച ദേശീയ രക്തദാന വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സമാപന സമ്മേളനം ജെയിൻ യൂണിവേഴ്‌സിറ്റി പ്രോവൈസ് ചാൻസിലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലഡ്ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എബ്രഹാം വർഗീസ്, ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ. കെ. നാരായണൻ കുട്ടി, സെക്രട്ടറി ഡോ. സുനിൽ കെ. മത്തായി, ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. ഹനീഷ് മീരാസ, മഹാത്മ സ്‌റ്റഡി സർക്കിൾ മേധാവി എം.രഞ്ജിത് കുമാർ, തേവര എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി സി.എം.ഐ, ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. ഫിലിപ്പ് ജോൺ എന്നിവർ പ്രസംഗിച്ചു.