കൊച്ചി : കൊറിയർ വഴി വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച 26 കിലോ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയായ ചെന്നൈ സ്വദേശിയെ എക്സൈസ് അറസ്റ്റു ചെയ്തു. മലേഷ്യയിൽ നിന്ന് വരുമ്പോൾ തൃശിനാപ്പിള്ളി വിമാനത്താവളത്തിൽ നിന്നായിരുന്നു അറസ്റ്റ്.
അലി എന്നറിയപ്പെടുന്ന അബ്ദുൾ റഹ്മാനാണ് അറസ്റ്റിലായത്. 2018 സെപ്തംബറിലാണ് വേൾഡ് വൈഡ് എക്സ്പ്രസെന്ന കൊറിയർ സ്ഥാപനം വഴി എം.ഡി.എം.എ എന്ന മയക്കുമരുന്ന് മലേഷ്യയിലേയ്ക്ക് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ച എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സി.ഐ. ബി. സുരേഷിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കണ്ണൂർ കടമ്പൂർ കണ്ടത്തിൽ മീരാനിവാസിൽ പ്രശാന്ത് കുമാറിനെ അന്ന് അറസ്റ്റു ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് അലി. മലേഷ്യയിലേയ്ക്ക് കടന്ന ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു.
എമിഗ്രേഷൻ വിഭാഗം അലിയെ കസ്റ്റഡിയിലെടുത്തു. പരിശോധനിയിൽ ഇയാളിിൽ നിന്ന് നാനൂറ് ഗ്രാം സ്വർണവും കണ്ടെടുത്തു. തൃശിനാപ്പള്ളി പൊലീസിന് കൈമാറിയ ഇയാളെ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സജിത് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. മയക്കുമരുന്ന് ശൃംഖലയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് എക്സൈസ് അറിയിച്ചു.