കൊച്ചി : വിദ്യാരംഭവും ആദ്യാക്ഷരം കുറിക്കലും പ്രചരണത്തിനും വോട്ടു പിടിക്കലിനും അവസരമാക്കി സ്ഥാനാർത്ഥികൾ. മന്ത്രിമാരും മുതിർന്ന നേതാക്കളും രംഗത്തിറങ്ങിയതോടെ ഒരാഴ്ച പിന്നിട്ട ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പും വീറും വർദ്ധിച്ചു.
#വീടുകയറാൻ മന്ത്രിയും
പ്രചാരണത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രൻ കുട്ടികളെ ആദ്യാക്ഷരം എഴുതിയ്ക്കാനും സമയം കണ്ടെത്തി. വളഞ്ഞമ്പലം ദേവീക്ഷേത്രത്തിലെ വിദ്യാരംഭം പരിപാടിയിൽ പങ്കെടുത്ത മന്ത്രി കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു.രാവിലെ മുതൽ രാത്രി വൈകിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിക്കൊപ്പം മന്ത്രി വീടുകളിലും ഫ്ളാറ്റുകളിലും പ്രചാരണം നടത്തി. മനു റോയ് തേവരയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. കലൂർ നോർത്തിൽ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു. ഉച്ച കഴിഞ്ഞു മണപ്പാട്ടിപറമ്പ്, കുന്നുംപുറം മേഖലകളിൽ പ്രചാരണം നടത്തി.
#കുടുംബയോഗങ്ങളിൽ യു.ഡി.എഫ്
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിന് വേണ്ടി പ്രചരണത്തിനെത്തി. എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവർ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.രാവിലെ എളമക്കരയിൽ നിന്നാണ് വിനോദ് പര്യടനം ആരംഭിച്ചത്. മാക്കാംപറമ്പ് ഉൾപ്പെടെ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി. പുതുക്കലവട്ടം നികത്തിൽ ഭാഗത്ത് ടി.ജെ. വിനോദും പ്രവർത്തകരും വീടുകളിലും കയറി വോട്ട് അഭ്യർത്ഥിച്ചു.ഉച്ചക്ക് ശേഷം കലൂർ മണ്ഡലത്തിലായിരുന്നു സന്ദർശനം. കമ്മട്ടിപ്പാടം പ്രദേശത്തും വീടുകളിളിലെത്തി വോട്ടർമാരെ നേരിൽ കണ്ടു. എ.പി. വർക്കി നഗറിലും സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം ലഭിച്ചു.
#വിദ്യാരംഭത്തിനൊപ്പം
വിദ്യാരംഭദിനത്തിൽ പുലർച്ചെ അഞ്ചിന് എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ വെണ്ണല ശ്രീമഹാദേവ ക്ഷേത്രത്തിലെത്തി. തുടർന്ന് പാവക്കുളം ക്ഷേത്രത്തിലെത്തി. പാവക്കുളത്തമ്മയുടെ മുന്നിൽ മണലിൽ അക്ഷരങ്ങൾ എഴുതുന്നവർക്കൊപ്പം സ്ഥാനാർത്ഥിയും ചേർന്നു.
ആറംചേരി ദേവീക്ഷേത്രം, തൃക്കണാർവട്ടം നായർ സമാജം, അയ്യപ്പൻകാവ്, പച്ചാളം, വടുതല പ്രദേശങ്ങളിലും അദ്ദേഹം പ്രചാരണം നടത്തി.ഉച്ചയ്ക്ക് ശേഷം ഇരട്ടക്കുളങ്ങര റോഡ്, കാട്ടുങ്കൽ, പള്ളിക്കാവ്, ഡോൺ ബോസ്‌കോ, ഗണപതി ടെമ്പിൾ റോഡ്, സുബ്രഹ്മണ്യ ക്ഷേത്ര പരിസരം, ബോട്ട് ജെട്ടി റോഡ് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സമ്പർക്ക പരിപാടികൾ നടത്തി.