കൊച്ചി : വല്ലാർപാടം കണ്ടയ്‌നർ ടെർമിനൽ റോഡ്‌, റെയിൽ പദ്ധതിക്കു വേണ്ടി 2008 ൽ സർക്കാർ കുടിയൊഴിപ്പിച്ചവർക്ക് വാഗ്ദാനം നൽകിയ പാക്കേജ് സംബന്ധിച്ചും പുനരധിവാസം സംബന്ധിച്ചും ജനകീയ കമ്മിഷന് മുമ്പാകെ പരാതിപ്രളയം

മൂലമ്പിള്ളി പാക്കേജ് പ്രകാരം പട്ടയഭൂമി ലഭിച്ച കുടുംബങ്ങളാണ് ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷനായ ജനകീയ ജുഡീഷ്യൽ കമ്മിഷന് മുമ്പാകെ പരാതികളുമായെത്തിയത്. കമ്മിഷൻ അംഗങ്ങളായ ജസ്റ്റിസ് പി.കെ. ഷംസുദീൻ, പ്രൊ. കെ.അരവിന്ദാക്ഷൻ, ഫാ. റൊമാൻസ് ആന്റണി എന്നിവരും പങ്കെടുത്തു.

കമ്മിഷന്റെ പ്രാഥമിക നിഗമനങ്ങൾ

# വാസയോഗ്യമല്ലാത്ത ഭൂമിയിൽ വിട് നിർമ്മിക്കാൻ പൈലിംഗിന് അനുവദിച്ച 75,000 രൂപ അപര്യാപ്തമാണ്. സർക്കാർ ചെലവിൽ പൈലിംഗ് അടിച്ചു സ്ഥലം വാസയോഗ്യമാക്കി നൽകണം.
# പട്ടയം ലഭിച്ചിട്ടും ഭൂമി ലഭിക്കാത്തവർക്ക് സ്ഥലം നൽകണം.
മുടക്കം വന്ന വീട്ടുവാടക കുടിശിക സഹിതം കൊടുക്കണം.
# ടെർമിനൽ പദ്ധതിയിൽ യോഗ്യരായവർക്ക് ഉചിതമായ ജോലി നൽകണം.
# പ്രത്യേക പരിഗണന അനുസരിച്ച് ആദായനികുതി പിടിച്ചത് തിരിച്ചു നൽകണം.

എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന തെളിവെടുപ്പിൽ 72 കുടുംബങ്ങൾ പരാതി നേരിട്ട് സമർപ്പിച്ചു. കഴിഞ്ഞ 15 ന് തുതിയുരിലെ ചതുപ്പു നികത്തിയ പുനരധിവാസ സ്ഥലങ്ങൾ കമ്മിഷൻ സന്ദർശിച്ചിരുന്നു. അന്ന് കമ്മിഷന് മുമ്പാകെ ഹാജരാകാൻ സാധിക്കാത്ത കുടുംബങ്ങളാണ് ഇന്നലെ എത്തിയത്.

കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ, വിൽസൻ വി.പി, കെ. രജികുമാർ, കെ.എൻ. സാബു, എം.പി. ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.