#ക്ഷേത്ര ദർശനത്തിന് പോയ കുട്ടിക്ക് നേരെ ആക്രമണം
#കുമ്പളത്ത് പെതുശ്മശാനം അടിച്ചു തകർത്തു
പനങ്ങാട്: പനങ്ങാട് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം. ക്ഷേത്രദർശനത്തിന് പോയ എട്ട് വയസ്സുള്ള കുട്ടിക്ക് നേരെ ആക്രമണം നടന്നു. കുമ്പളത്ത് ലഹരി മാഫിയയുടെ പ്രധാന വിഹാര കേന്ദ്രമായ പൊതുശ്മശാനം ലഹരി സംഘം അടിച്ചു തകർത്തു. വിജയദശമി ദിനത്തിൽ വീടിന് സമീപത്തുളള ക്ഷേത്രത്തിലേക്ക് സൈക്കിളിൽ ഒറ്റക്ക് പോവുകയായിരുന്ന എട്ട് വയസ്സുള്ള കുട്ടിയെ മൂന്നംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി കരണത്തടിക്കുകയും,കുട്ടിയുടെ കൈയുടെ ഷോൾഡറിൽ നഖം കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. മാടവന ആർ.എം.എം.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേകിന്(8) എതിരെയായിരുന്നു ആക്രമണം. കരഞ്ഞുകൊണ്ട് ക്ഷേത്രത്തിലെത്തിയ കുട്ടി പറഞ്ഞത് പ്രകാരം മാതാപിതാക്കൾ പനങ്ങാട് പൊലീസിലും,കൺട്രോൾ റൂമിലുo വിവരം അറിയിച്ചു. പൊലീസെത്തി മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സംഘം പ്രദേശത്തെ പ്രധാന ലഹരി ഇടപാടുകാരാണെന്നും, ഇവർക്കെതിരെ മുമ്പും നിരവധി പരാതികൾ സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ആക്രമിച്ചതിനെതിരെ കേന്ദ്ര, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്ക് പരാതി നൽകിയതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞരാത്രികുമ്പളം പൊതുശ്മശാനത്തിലുളള ശുചിമുറിയുടെ വാഷ്ബേസിൻ ,ക്ളോസെറ്റ് എന്നിവഗുണ്ടകൾ അടിച്ചുടച്ചു. മൃതദേഹം സംസ്കരിക്കാനെത്തിയവർ വിവരമറിയിച്ചതിനെ തുടർന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.വീണ്ടും പനങ്ങാട് ലഹരി-മയക്ക്മരുന്നുമാഫിയകൾ പനങ്ങാട് ,കുമ്പളം പ്രദേശങ്ങളിൽ തലപൊക്കിവരുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
#റെസിഡൻസ് അസോ. പരാതി നൽകി
പ്രദേശത്തെ പല റെസി. അസോസിയേഷനുകളുടേയും നേതൃത്വത്തിൽ ലഹരി സംഘത്തിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
#പരാതി നൽകിയ യുവാവിന് ആക്രമണം
കുമ്പളം ശ്മശാനം ലഹരി മാഫിയയുടെ പ്രധാന വില്പന കേന്ദ്രമാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.ഇതിനെതിരെ പൊലീസിൽ പരാതി നൽകിയ സമീപവാസിയായ യുവാവിന് പിന്നീട് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്.