കൊച്ചി : ഗ്രാറ്റുവിറ്റി വർദ്ധനവ് നിഷേധിക്കപ്പെട്ട ഫാക്ടിൽനിന്ന് വിരമിച്ച ജീവനക്കാർ ഹൈബി ഈഡൻ എം.പിക്ക് നിവേദനം നൽകി. ഗ്രാറ്റുവിറ്റി വിവേചനം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി ഉറപ്പുനൽകി.
2016 ജനുവരി ഒന്നിനും 2018 ഫെബ്രുവരി 28 നുമിടയിൽ വിരമിച്ചവർക്കാണ് 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തിയ ഗ്രാറ്റുവിറ്റിയുടെ വർദ്ധിപ്പിച്ച വിഹിതം ലഭിക്കാത്തത്.
2016 ജനുവരി ഒന്നുമുതൽ വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി 20 ലക്ഷമായി ഉയർത്തിയിരുന്നു. ഫാക്ട് പോലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും നിന്ന് വിരമിച്ച പതിനായിരക്കണക്കിന് ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിച്ചില്ല. ഇവിടങ്ങളിൽ 2018 ഫെബ്രുവരി 28 നുശേഷം വിരമിച്ചവർക്കു മാത്രമേ വർദ്ധന ലഭിച്ചിട്ടുള്ളൂ. വിരമിച്ച ജീവനക്കാർ വിവേചനത്തിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭത്തിലാണ്.
ഫാക്ടിൽ ഗ്രാറ്റുവിറ്റി വർദ്ധന നിഷേധിക്കപ്പെട്ടവരുടെ സംഘടനയുടെ പ്രസിഡന്റ് എസ്. രാജുകുമാർ, സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവരാണ് എം.പിക്ക് നിവേദനം നൽകിയത്.