കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ ഒന്നും രണ്ടും നാലും പ്രതികളായ ആർ.ഡി.എസ് പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടർ സുമീത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് ജാമ്യം അനുവദിച്ചു.
പാലാരിവട്ടം ഫ്ളൈ ഓവറിന് കേരളത്തിലെ വാഹന നീക്കത്തിൽ നിർണായക പങ്കുണ്ടെന്നും ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി ഇതു മാറിയതു ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. ഇതിനു പിന്നിലുള്ളവരുടെ വീഴ്ച തള്ളിക്കളയാനാവില്ല. ഉത്തരവാദികളായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ പുറത്തു വന്ന വിവരങ്ങൾ മഞ്ഞുമലയുടെ അഗ്രം മാത്രമായിരിക്കാം. ആഴത്തിലുള്ള ഗൂഢാലോചന പിന്നിലുണ്ടാകാം. വിശദമായി അന്വേഷിക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീന ശക്തിയുള്ള പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചതും ഹൈക്കോടതി കണക്കിലെടുത്തു.
പ്രതികളും കുറ്റങ്ങളും
സുമീത് ഗോയൽ
കരാർ കമ്പനിയുടെ എം.ഡിയായ ഇയാൾ അന്യായമായി നേട്ടമുണ്ടാക്കിയെന്നാണ് കേസ്. രാജ്യമെങ്ങും വേരുകളുള്ള കമ്പനിയുടെ എം.ഡിയെന്ന നിലയിൽ ഉന്നത സ്വാധീനശക്തിയുള്ളയാളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ളതു കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളി.
ടി.ഒ. സൂരജ്
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെയും കേരള റോഡ് ഫണ്ട് ബോർഡിന്റെയും ഭരണച്ചുമതല ഉണ്ടായിരുന്നു. വളരെക്കുറഞ്ഞ പലിശയ്ക്കാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത്. ഒന്നാം പ്രതിക്ക് വിവിധ ഘട്ടങ്ങളിലായി പല സഹായവും ചെയ്തെന്ന് ആരോപണമുണ്ട്. കമ്പനിക്ക് അഡ്വാൻസ് നൽകിയശേഷം കള്ളപ്പണം ഉപയോഗിച്ച് സ്വത്ത് വാങ്ങിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് പ്രോസിക്യൂഷൻ പറയുന്നു. ജാമ്യാപേക്ഷ തള്ളി.
എം.ടി. തങ്കച്ചൻ
ടെൻഡർ നടപടികളിൽ സജീവമായിരുന്നു. മുൻകൂർ പണം നൽകേണ്ടെന്ന തീരുമാനം അറിഞ്ഞിരുന്നിട്ടും ഇതിനുള്ള നിർമ്മാണ കമ്പനിയുടെ അപേക്ഷ ശുപാർശ ചെയ്തു. തുടർ നടപടികളിലും പങ്കാളിത്തമുണ്ട്. അഡ്വാൻസ് തുക നൽകിയതിലും ഈടാക്കിയതിലും ഇടപെട്ടതു കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളി.
ബെന്നി പോൾ
ടെൻഡർ രേഖകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതലയായിരുന്നു. ടെൻഡറിൽ പോരായ്മയുണ്ടെന്നതു മറച്ചു വച്ചെന്നാണ് ആരോപണം. മനഃപൂർവം മറച്ചുവച്ചതാണോ എന്നതു തെളിവു പരിശോധനയിൽ നോക്കേണ്ട കാര്യമാണ്. നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല ഉണ്ടായിരുന്നെങ്കിലും 2015 ൽ മറ്റൊരു ജോലിയിലേക്ക് മാറ്റി. മറ്റു ആരോപണങ്ങളില്ലെന്നതിനാൽ ജാമ്യം നൽകുന്നു.